സ്വന്തം ലേഖകന്‍: തീവ്രവാദ ഭീഷണിയുടെ നിഴലില്‍ ബ്രിട്ടനിലെ പള്ളികള്‍, ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ബ്രിട്ടനില്‍ പള്ളികളില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങളുമായി ഭീകരവിരുദ്ധ വിഭാഗം രംഗത്തെത്തിയത്.
സി.സി ടിവി, കാവല്‍ക്കാര്‍ എന്നിങ്ങനെയുള്ള സുരക്ഷാ മാര്‍ഗരേഖകളാണ് പുറത്തിറക്കിയത്. ബ്രിട്ടണിലെ നാഷനല്‍ ചര്‍ച്ച് ട്രസ്റ്റ് മേധാവിയായ നിക്ക് ടോള്‍സണ്‍ മാര്‍ഗരേഖ പ്രകാശനം ചെയ്തു. കഴിഞ്ഞ മാസം ഫ്രാന്‍സില്‍ മുതിര്‍ന്ന വൈദികനെ ആരാധനക്കിടെ ഐ.എസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയതോടെയാണ് പള്ളികളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം ശക്തമായത്.
മുന്‍ പൊലീസുകാരനായ നിക്ക് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന് തീവ്രവാദ വിഷയത്തില്‍ ഉപദേശം നല്‍കിയിരുന്നു. കഴിഞ്ഞ മാസം 24 ലക്ഷം പൗണ്ട് സര്‍ക്കാര്‍ ആരാധനാലയങ്ങളുടെ സുരക്ഷക്കായി വകയിരുത്തിയതായി തെരേസാ മെയ് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. യൂറോപ്പിലേക്ക് നുഴഞ്ഞുകയറിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സ്‌ഫോടനം നടത്താന്‍ പള്ളികളെ ഉന്നം വക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല