1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2012

ബര്‍മിംഗ്ഹാം അതിരൂപതയുടെ കീഴിലുള്ള 14 മാസ്‌ സെന്ററുകളില്‍ നിന്നുള്ള സീറോമലബാര്‍ വിശ്വാസികളുടെ കണ്‍വന്‍ഷന്‍ ഇന്നലെ കവന്‍ട്രിയില്‍ നടന്നു.ആയിരങ്ങള്‍ പങ്കെടുത്ത കണ്‍വന്‍ഷന്‍ മറുനാട്ടിലും വിശ്വാസദീപ്തി കെടാതെ സൂക്ഷിക്കുന്ന മലയാളികളുടെ വിശ്വാസ പ്രഘോഷണമായി മാറി.ഓരോ തവണയും കൂടുതല്‍ വിശ്വാസികള്‍ പങ്കെടുക്കുന്ന സീറോമലബാര്‍ കണ്‍വന്‍ഷന്‍ ഇത് മൂന്നാം തവണയാണ് നടത്തപ്പെടുന്നത്.ഇതോടെ രണ്ടാം ശനിയാഴ്ചകളിലെ ആത്മീയ ഉണര്‍വിനൊപ്പം ശകതമായ സഭാ സംവിധാനവും ഒരുക്കി ബര്‍മിംഗ്ഹാം അതിരൂപതയിലെ സീറോമലബാര്‍ സമൂഹം യു കെ മലയാളികള്‍ക്കിടയില്‍ മാതൃകയാവുകയാണ്.

ഭദ്രാവതി രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ്‌ അരുമച്ചാടത്ത്‌ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.ലോകത്തില്‍ എവിടെയായിരുന്നാലും ദൈവ വിശ്വാസത്തില്‍ വളരുകയും ആ വിശ്വാസം നിലനിര്‍ത്തുകയും ചെയ്യാന്‍ സീറോമലബാര്‍ വിശ്വാസികള്‍ കടപ്പെട്ടവരാണെന്ന് അദ്ദേഹം തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു.യു കെയിലെ മലയാളികള്‍ സ്നേഹിച്ചും സന്തോഷിച്ചും വിശ്വാസ കൂട്ടായ്മയില്‍ വളരുന്നത് കാണുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും പിതാവ് പറഞ്ഞു.ദൈവനിയോഗം അനുസരിച്ച് ഇവിടെ വന്ന ഓരോരുത്തര്‍ക്കും വിശ്വാസം വളര്‍ത്തുവാനുള്ള ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഉദ്ഘാടന സമ്മേളനത്തില്‍ സീറോമലബാര്‍ സഭാ ചാപ്ലിന്‍ ഫാദര്‍ സോജി ഓലിക്കല്‍ അധ്യക്ഷത വഹിച്ചു.സീറോമലബാര്‍ സഭാ ചാപ്ലിന്‍ ഫാദര്‍ ജെയ്സണ്‍ കരിപ്പായി,ഫാദര്‍ ജോമോന്‍ തൊമ്മാന,ഫാദര്‍ മാത്യു പ്ലാത്തോട്ടം തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് നടന്ന ആഘോഷപൂര്‍വമായ പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് മാര്‍ ജോസഫ്‌ അരുമച്ചാടത്ത്‌ മുഖ്യ കാര്‍മികത്വം വഹിച്ചു.

സീറോമലബാര്‍ സഭ ബര്‍മിംഗ്ഹാം അതിരൂപത സെന്‍ട്രല്‍ കമ്മിറ്റി കണ്‍വീനര്‍ സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേല്‍ സ്വാഗതവും കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ജെയ്സണ്‍ കവന്‍ട്രി നന്ദിയും പറഞ്ഞു.സീറോ മലബാര്‍ സഭയുടെ ബര്‍മിംഗ്ഹാം അതിരൂപതയിലെ പ്രഥമ ചാപ്ലിന്‍ ആയിരുന്ന ഫാദര്‍ സെബാസ്റ്റ്യന്‍ അരീക്കാട്ട് നല്‍കിയ സന്ദേശവും പരിപാടിക്കിടെ വായിച്ചു.കുര്‍ബാനയ്ക്ക് ശേഷം അതിരൂപതയിലെ 14 മാസ് സെന്ററുകളില്‍ നിന്നുള്ള വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.