രണ്ട് റോബോ കാറുകള്‍ കാലിഫോര്‍ണിയയിലെ റോഡില്‍ നേര്‍ക്കു നേര്‍ വന്നെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഡ്രൈവറില്ലാ കാറുകള്‍ നേര്‍ക്കു നേരെ വന്നെങ്കിലും അവ തമ്മില്‍ കൂട്ടിയിടിച്ചില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇത് ടെക് ലോകത്ത് നിന്നുള്ള വിദഗ്ധര്‍ക്കിടയില്‍ ചെറുതല്ലാത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഭാവിയില്‍ വികസിക്കാന്‍ സാധ്യതയുള്ള ഒരു സാങ്കേതിക വിദ്യക്ക് എത്ര മാത്രം സുരക്ഷയുണ്ടാകുമെന്നാണ് വിദഗ്ധര്‍ ഉന്നയിക്കുന്ന ചോദ്യം.
ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറെന്ന പദ്ധതി വ്യാപിച്ചു കഴിഞ്ഞാല്‍ റോബോ കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് ഗൂഗിള്‍ പ്രതികരിച്ചു. ആദ്യം റോയിട്ടേഴ്‌സില്‍നിന്ന് പ്രതികരണം ആരാഞ്ഞിരുന്നെങ്കിലും വിസ്സമ്മതിച്ച ഗൂഗിള്‍ പിന്നീട് വാര്‍ത്ത പ്രചരിച്ചപ്പോഴാണ് പ്രതികരണം പരസ്യപ്പെടുത്തിയത്.
ഈ ആഴ്ച്ച ആദ്യം കാലിഫോര്‍ണിയയിലെ പാലോ ആല്‍ട്ടോയിലാണ് ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാറും ഡെല്‍ഫി ഓട്ടോമോട്ടീവിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാറും നേര്‍ക്കു നേര്‍ വന്നത്. ലെയിന്‍ ചെയിഞ്ച് ചെയ്യുന്ന സമയത്താണ് ഇത്തരത്തില്‍ ഒരു സാഹചര്യമുണ്ടായതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗൂഗിള്‍ കഴിഞ്ഞ ആറു വര്‍ഷമായി സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ റോഡില്‍ ടെസ്റ്റ് ചെയ്യുന്നുണ്ട്. ഡെല്‍ഫി ഓട്ടോമോട്ടീവിന്റെ ഓഡി കാറും റോഡ് ടെസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് ലഭിക്കുന്ന സൂചനകള്‍.
എന്നാല്‍, ഇതൊരു സുരക്ഷാ വീഴ്ച്ചയല്ല എന്ന തരത്തിലാണ് ഡല്‍ഫി ഓട്ടോമോട്ടീവ് പ്രതികരിച്ചത്. ഗൂഗിളിന്റെ കാര്‍ ലെയിന്‍ മാറുന്നത് കണ്ട് മുന്നോട്ടു നീങ്ങാന്‍ തുടങ്ങിയ ഡെല്‍ഫിയുടെ കാര്‍ ലെയിന്‍ തീരുകയാണ് എന്ന് കണ്ട് അവിടെ നിര്‍ത്തുകയായിരുന്നു എന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.
നേരത്തെ ഗൂഗിള്‍ കാറുകള്‍ ടെസ്റ്റിംഗ് സമയത്ത് നിരവധി തവണ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത ഗൂഗിള്‍ തന്നെ സ്ഥിരീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല