സ്വന്തം ലേഖകന്‍: പൊട്ടിപ്പൊളിഞ്ഞാല്‍ സ്വയം നന്നാക്കുന്ന റോഡും മിശ്രിതവുമായി ഇന്ത്യന്‍ വംശജനായ കനേഡിയന്‍ പ്രൊഫസര്‍. പ്രഫസര്‍ നെംകുമാര്‍ ബന്തിയയാണ് ഇങ്ങനയൊരു ടാറിങ്ങ് കൂട്ട് മുന്നോട്ടു വച്ചിരിക്കുന്നത്. കര്‍ണാടകയിലെ തോണ്ടേഭാവി ഗ്രാമത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന 650 മീറ്റര്‍ റോഡാണ് പുതിയ ടാറിംഗ് കൂട്ട് ഉപയോഗിച്ച് പണി കഴിപ്പിച്ചത്.
കൊളംബിയ സര്‍വകലാശാലയിലെ സിവില്‍ എന്‍ജിനിയറിംഗ് വിഭാഗം പ്രഫസറായ നെംകുമാര്‍ തോണ്ടേഭാവി പഞ്ചായത്ത് അധികൃതരുടെയും ഗ്രാമവാസികളുടെയും സഹായത്തോടെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇങ്ങനെയൊരു റോഡ് പണിതത്.
തോണ്ടേഭാവി ഗ്രാമത്തെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് കഴിഞ്ഞവര്‍ഷത്തെ മഴയ്ക്ക് മുന്നെയാണ് പണി തീര്‍ത്തത്. റോഡ് വന്നതോടെ ഈ ഗ്രാമവാസികളുടെ ജീവിതം തന്നെ മാറി മറിഞ്ഞെന്ന് കൊളംബിയ സര്‍വകലാശാല അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് പൂര്‍ത്തിയാക്കിയതോടെ നിരവധി പേര്‍ പുതിയ കാര്‍ വാങ്ങുകയും തങ്ങളുടെ വീട് പുനര്‍നിര്‍മിക്കുകയും ചെയ്തുവെന്ന് കൊളംബിയ സര്‍വകലാശാല തങ്ങളുടെ വെബ്‌സൈറ്റിലൂടെ പറയുന്നു.
നൂറ് മില്ലിമീറ്റര്‍ ഘനത്തില്‍ നിര്‍മിച്ച റോഡ് രാജ്യത്ത് തന്നെ ഏറ്റവും ഘനം കുറഞ്ഞ റോഡാണ്. സിമന്റിനെ ഫ്‌ളൈആഷും, ചില ഫൈബര്‍ കൂട്ടുമായി കലര്‍ത്തിയാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ഇത് കോണ്‍ക്രീറ്റുമായി ചേര്‍ത്ത് കട്ടിയാക്കി. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന നാനോ മിശ്രിതം മൂലം റോഡ് പൊട്ടിപ്പൊളിഞ്ഞാലും അത് സ്വയം അറ്റകുറ്റപണി നടത്തുന്നതായി
നെംകുമാര്‍ പറയുന്നു.
കൂട്ടില്‍ ഉപയോഗിക്കുന്ന ഹൈഡ്രോഫീലിയ മിശ്രിതമാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ടത്. ഇത് വെള്ളത്തെ ആകര്‍ഷിച്ച് റോഡിന് അനുകൂലമാക്കി മാറ്റുന്നത് കൊണ്ട് അത് റോഡിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുകയും ചെയ്യന്നു. ഈ കൂട്ട് ഉപയോഗിച്ച് കൊണ്ടുള്ള റോഡ് പതിനഞ്ച് വര്‍ഷത്തേക്കെങ്കിലും കേട് കൂടാതെ നിലനില്‍ക്കുമെന്ന് നാഗ്പൂര്‍ സ്വദേശി കൂടിയായ നെംകുമാര്‍ പറയുന്നു. സാധാരണ റോഡ് നിര്‍മാണത്തേക്കാള്‍ 30 ശതമാനം തുക കുറച്ച് ഈ രീതിയില്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു.
കര്‍ണാടകയില്‍ റോഡ് പണി വിജയകരമായി പൂര്‍ത്തിയാക്കിയതോടെ കാനഡയിലും ഇത്തരത്തിലുള്ള റോഡ് നിര്‍മിക്കാനുള്ള പദ്ധതിയിലാണ് നെംകുമാര്‍. നോര്‍ത്ത് എഡ്‌മോണ്‍റ്റണില്‍ 2017 ഓടെ റോഡ് പണി പൂര്‍ത്തിയാക്കാനാണ് ബന്ധപ്പെട്ടവര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ഇതിന് പുറമെ രണ്ട് കിലോമീറ്ററോളം ഹരിയാനയിലും, അഞ്ച് കിലോമീറ്ററോളമുള്ള റോഡ് മധ്യപ്രദേശിലും നിര്‍മിക്കാനുമുള്ള പദ്ധതിയുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല