വളരെ നേരിയ ഭൂരിപക്ഷത്തില്‍ മാത്രം ഭരണത്തില്‍ എത്തിയ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം പിറവം ഉപതെരെഞ്ഞെടുപ്പ് ഒരു നൂല്‍പ്പാലം തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പിറവം തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ കച്ചമുറുക്കിയ എല്‍ഡിഎഫിന് ഒരു ഇരുട്ടടി ലഭിച്ചിരിക്കുകയാണ്. നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍. ശെല്‍വരാജിന്‍റെ രാജി. ചരിത്രത്തില്‍ കേരള നിയമസഭയില്‍ നിന്ന് ഇതിനു മുമ്പ് 33 പേര്‍ രാജിവച്ചിട്ടുണ്ട് അതിലാകട്ടെ നിയമസഭാ സമ്മേളനത്തിനിടയിലാണ് അഞ്ചു പേര്‍ രാജി വയ്ക്കുന്നത്. എന്നാല്‍ അവയെക്കാളൊക്കെ രാഷ്ട്രീയ വിവാദങ്ങള്‍ക്കു കാരണമാകുന്ന രാജിയായി ശെല്‍വരാജിന്‍റേത്.
ശെല്‍വ രാജ കറകളഞ്ഞ പാര്‍ട്ടി നേതാവെന്ന പേരിലാണ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ സിപിഎം രാഷ്ട്രീയത്തിലേക്കു കടന്നു വന്നതു. പഞ്ചായത്ത് അംഗമായാണു പാര്‍ലമെന്‍ററി രാഷ്ട്രീയം തുടങ്ങിയത്. മൂന്നു തവണ നിയമസഭയിലേക്കു മത്സരിച്ചു, രണ്ടു തവണ എംഎല്‍എ ആയി. ആദ്യം പാറശാല എംഎല്‍എ. കഴിഞ്ഞ തവണ മണ്ഡലം മാറി നെയ്യാറ്റിന്‍കരയില്‍. കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയെ ആറായിരത്തില്‍പരം വോട്ടുകള്‍ക്കാണു ശെല്‍വരാജ് പരാജയപ്പെടുത്തിയത്. ഈ അടുത്ത കാലത്തു പാര്‍ട്ടിയുമായി പിണങ്ങി നിന്നിരുന്ന ശെല്‍വരാജ് ഇത്തരം ഒരു നാടകീയ നീക്കത്തിലൂടെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുമെന്നു തന്ത്രശാലികളായ സിപിഎം നേതാക്കള്‍ സ്വപ്നേപി നിനച്ചിരിക്കില്ല എന്ന് വ്യക്തം.
ശെല്‍വരാജിന്‍റെ രാജിയോടെ ഉയരുന്നതു നിരവധി സംശയങ്ങളാണ്. ഭൂരിപക്ഷത്തിന്‍റെ നൂല്‍പ്പാലത്തില്‍ സര്‍ക്കാര്‍ നില്‍ക്കുമ്പോള്‍ സംശയങ്ങള്‍ ഉയരുക സ്വാഭാവികം. പിറവത്തു തെരഞ്ഞെടുപ്പു വന്നതോടെ ആശങ്കയിലായിരുന്നു യുഡിഎഫ്. ജയ പ്രതീക്ഷയുണ്ടെങ്കിലും അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ പിന്നീടു മുന്നോട്ടു പോകാന്‍ ഇതുവരെ അഭ്യസിച്ച ഞാണിന്മേല്‍കളി പോലും അപര്യപ്തമാകും. ഇങ്ങനെ നില്‍ക്കുമ്പോള്‍ എതിര്‍പക്ഷത്തു നിന്ന് ഒരു രാജി, അതും സിപിഎമ്മിന്‍റെ നേതൃത്വത്തെ തള്ളിപ്പറഞ്ഞ്, അടച്ച് ആക്ഷേപിച്ചു കൊണ്ടുള്ള ഒരു രാജി വെറും ലോട്ടറിയല്ല, ബമ്പര്‍ തന്നെയാണ് യുഡിഎഫിന്. ഇനി ആറുമാസത്തിനുള്ളില്‍ ഒരു തെരഞ്ഞെടുപ്പു കൂടി നേരിടാനുള്ള ധൈര്യം സംഭരിച്ചാല്‍ മതിയാകും.
എന്നാല്‍, ഇപ്പോള്‍ ഉയരുന്ന സംശയങ്ങളുടെ പുകമറയില്‍ നിന്നു രക്ഷപ്പെട്ടു വന്നാല്‍ മാത്രമേ ഈ രാജി ഗുണകരമാക്കി മാറ്റാന്‍ കഴിയുകയുള്ളൂ എന്ന കാര്യം വേറേ. ഉത്തരേന്ത്യയിലും ഇന്ത്യന്‍ പാര്‍ലമെന്‍റിലും കണ്ടിട്ടും കേട്ടിട്ടുമുള്ള കുതിരക്കച്ചവടം കേരളത്തില്‍ നടന്നുവെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ഇതില്‍ എന്തൊക്കെയോ സത്യം ഇല്ലാതില്ല യുഡിഎഫിലേക്കില്ല എന്ന് പറഞ്ഞ സെല്‍വരാജ അതേദിവസം രാത്രി തന്നെ തന്റെ തീരുമാനം മാറ്റിയതും മറ്റും വച്ച് നോക്കുമ്പോള്‍ ജനങ്ങള്‍ വീണ്ടും വിഡ്ഢിയാക്കപ്പെട്ടുവോ എന്ന സംശയം ന്യായമായും ജനങ്ങള്‍ക്ക് ഉണ്ട്.
സിപിഎമ്മുമായി തെറ്റി നിന്ന ശെല്‍വരാജിനെ പണം കൊടുത്തു സ്വന്തം പക്ഷത്താക്കാന്‍ യുഡിഎഫ് ശ്രമിച്ചെന്നാണ് ആരോപണം. അതീവ രഹസ്യമായി നടത്തിയ നീക്കം മുന്‍കൂട്ടി കാണാന്‍ സിപിഎമ്മിനായില്ലെന്ന കുറ്റസമ്മതവും അവര്‍ നടത്തുന്നുണ്ട്. രാജി വയ്ക്കുന്നതിലൂടെ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ശെല്‍വരാജിനെത്തന്നെ സ്ഥാനാര്‍ഥിയാക്കി യുഡിഎഫ് അംഗമാക്കുന്നതിനുള്ള നീക്കം നടന്നതായും ആരോപണമുണ്ട്. പി.സി. ജോര്‍ജ് എംഎല്‍എ ഇതിനു പിന്നില്‍ ചരടു വലിച്ചതായും കേള്‍ക്കുന്നുണ്ട്.
അതിരാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീട്ടിലേക്ക് അദ്ദേഹത്തോടൊപ്പം ശെല്‍വരാജ് പോയി എന്നാണു സിപിഎം ആരോപണം. നേതാവിന്‍റെ പേരു പറയാതെ സിപിഎം നേതാക്കള്‍ ഉന്നയിച്ച ആരോപണത്തിന് അധികം വൈകാതെ തന്നെ മറുപടി ലഭിച്ചു. മുഖ്യമന്ത്രിയെ കണ്ടിട്ടേ ഇല്ലെന്ന് ആദ്യം പറഞ്ഞ ജോര്‍ജ്, പ്രകോപനമില്ലാതെ പ്രതികരിക്കുകയായിരുന്നു. കോഴി കട്ടവന്‍റെ തലയില്‍ പൂട കാണുമെന്നു രാജാവു പറഞ്ഞപ്പോള്‍ തപ്പി നോക്കിയ കോഴിക്കള്ളനെ അനുസ്മരിപ്പിക്കുന്നതായി ഈ പ്രസ്താവന. അതിനു പിന്നാലെ ജോര്‍ജ് വാക്കു മാറ്റി. താന്‍ മുഖ്യമന്ത്രിയെ കണ്ടെന്നു സമ്മതിച്ചു. ഇനിയിപ്പോള്‍ എന്തൊക്കെ വാക്കാനാവോ പി.സി ജോര്‍ജ് മാറ്റാന്‍ പോകുന്നത് എന്നത് കണ്ടറിയണം.
അതിരാവിലെ ജോര്‍ജിനെ മുഖ്യമന്ത്രിയുടെ വീട്ടില്‍ കണ്ടവരുണ്ട്. ഇതിനു പിന്നാലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ 202-ാം നമ്പര്‍ മുറിയിലേക്കു ശെല്‍വരാജ് എത്തിയതിനും സാക്ഷികളുണ്ട്. ഈ മുറിയില്‍ താമസിക്കുന്നതു ചീഫ് വിപ്പാണ്. ഈ മുറിയിലേയ്ക്കു പ്രധാനപ്പെട്ട ഘടക കക്ഷിയിലെ രണ്ടു മന്ത്രിമാര്‍ വന്നതിനു ജീവനക്കാരും പത്രവിതരണക്കാരും സാക്ഷികളായി. ഈ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതോടെ രാജിക്കു പിന്നില്‍ സിപിഎം ആരോപിക്കുന്ന ഗൂഢാലോചനയുണ്ടോ എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.
നേരത്തേ, പാമൊലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ നിലപാടു സ്വീകരിച്ച ജഡ്ജിക്കെതിരേ പരസ്യമായി രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയ ചീഫ് വിപ്പിന്‍റെ നടപടി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്കു വേണ്ടി ജോര്‍ജ് ഗൂഢ പ്രവര്‍ത്തികള്‍ നടത്തുന്നുവെന്ന ആരോപണം നിലനില്‍ക്കുന്ന വേളയില്‍ ഈ ആരോപണം കൂടി വരുമ്പോള്‍, മുഖ്യമന്ത്രി പ്രതിക്കൂട്ടിലാകുന്നതു സ്വാഭാവികം. നെയ്യാറ്റിന്‍കര മണ്ഡലത്തിലെ സുപ്രധാന മരാമത്ത് പണികള്‍ക്ക് അടിയന്തര അനുമതി നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നതിനുള്ള രേഖകളും പുറത്തു വരുന്നു. ദോഷൈക ദൃക്കുകള്‍ ഈ ഇടപെടല്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നുണ്ട്. ഏത് എംഎല്‍എ ഏതെങ്കിലും അനുമതിക്കായി ഉമ്മന്‍ ചാണ്ടിയെ സമീപിച്ചാല്‍ അതില്‍ കാര്യമായ ഇടപെടല്‍ നടത്തുന്ന ശീലമുള്ളയാളാണ് മുഖ്യമന്ത്രി.
ഇക്കാര്യത്തില്‍ രാഷ്ട്രീയ ഭേദം നോക്കുകയുമില്ല. യാദൃശ്ചികമായ ഈ സംഭവത്തിനു രാജിയുമായി ബന്ധമുണ്ടാകില്ലെങ്കിലും പി.സി. ജോര്‍ജിന്‍റെ അസ്ഥാനത്തും അനവസരത്തിലുമുള്ള പ്രസ്താവനകള്‍ സംശയത്തിനു വഴിതെളിക്കുന്നുണ്ട്. അധികാരം നിലനിര്‍ത്താന്‍ വേണ്ടി ഉത്തരേന്ത്യന്‍ ഗോസായിമാര്‍ നടത്തുന്ന കുതിരക്കച്ചവടവും ചാക്കിട്ടുപിടുത്തവും ഉമ്മന്‍ചാണ്ടി നടത്തിയെന്നു പറഞ്ഞാല്‍ സാധാരണക്കാര്‍ വിശ്വസിച്ചുവെന്നു വരില്ല. വിജിലന്‍സ് കേസില്‍ ഒരു പരാമര്‍ശം വന്നപ്പോള്‍ രാജിക്കൊരുങ്ങിയ ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ പെട്ട പെടാപ്പാട് നാട്ടുകാര്‍ക്ക് അറിയാം.
പരാമര്‍ശം അല്ല കേസെടുത്താലും ശിക്ഷിച്ചാലും സ്ഥാനം കളയാന്‍ മടിക്കുന്ന അഴിമതി വിരുദ്ധ മുഖംമൂടികള്‍ക്കിടിയിലെ മാന്യതയാണ് ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവരെ വ്യത്യസ്തരാക്കുന്നത്. സ്ഥാന മോഹമല്ല രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഉദ്ദേശ്യമെന്നു തെളിയിച്ചിട്ടുണ്ട് ഇതിനു മുമ്പും ഉമ്മന്‍ചാണ്ടി. എന്നാല്‍ ശെല്‍വരാജിനെയും ചീഫ് വിപ്പിനെയും പോലുള്ളവരുടെ അസംബന്ധ നാടകങ്ങളുടെ ഇരയായി വിഎസിനെ പോലെ ഉമ്മന്‍ചാണ്ടിയും ബലിയാടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. പക്ഷേ, ഇതു തിരിച്ചറിയേണ്ടതും തടയേണ്ടതും അദ്ദേഹം തന്നെ. എങ്കിലും ജനങ്ങളെ മാറി മാറി ഭരിച്ചു വിഡ്ഢികള്‍ ആക്കുന്ന ഈ പണക്കളിക്കെതിരെ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്നതും കണ്ടറിയാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല