ഫിഫ പ്രസിഡന്റ് സ്ഥാനം താന്‍ ഇതുവരെ രാജി വച്ചിട്ടില്ലെന്ന് സെപ് ബ്ലാറ്റര്‍. ഫിഫ കോണ്‍ഗ്രസില്‍ രാജി സന്നദ്ധത അറിയിക്കുക മാത്രമാണ് ചെയ്‌തെന്നും അദ്ദേഹം പറയുന്നു. ഫിഫ പ്രസിഡന്റ് സ്ഥാനത്ത് ബ്ലാറ്റര്‍ തുടര്‍ന്നേക്കുമെന്ന അഭ്യൂഹം കൂടുതല്‍ ശക്തമാക്കിയാണ് പുതിയ വെളിപ്പെടുത്തല്‍.
ഒരു സ്വിസ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ബ്ലാറ്ററുടെ വെളിപ്പെടുത്തല്‍. രാജി വക്കാന്‍ സന്നദ്ധനാണ് എന്ന തന്റെ പ്രസ്താവന താന്‍ രാജി വച്ചു എന്ന തരത്തില്‍ വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്ന് ബ്ലാറ്റര്‍ അറിയിച്ചു. ജൂണ്‍ രണ്ടിന് ബ്ലാറ്റര്‍ നടത്തിയ രാജി പ്രഖ്യാപനം ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു. അതിനു ശേഷം ഇതാദ്യമായാണ് വിഷയത്തില്‍ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
അതിനിടെ ബ്ലാറ്ററുടെ പ്രസ്താവനക്ക് സ്ഥിതീകരണവുമായി ഫിഫ അധികൃതരും രംഗത്തെത്തി. മെയ് അവസാന വാരത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ബ്ലാറ്റര്‍ രണ്ട് ദിവസങ്ങള്‍ക്കകം തന്നെ നാടകീയമായി രാജി പ്രഖ്യാപനം നടത്തിയതാണ് അമ്പരപ്പും, തുടര്‍ ചര്‍ച്ചകളും സൃഷ്ടിക്കപ്പെടാന്‍ കാരണമായിരുന്നത്. ഒഴിവുവന്ന പ്രസിഡണ്ട് സ്ഥാനത്തേക്ക് മറഡോണയടക്കമുള്ള പല പ്രമുഖരും മത്സരിക്കാന്‍ തയ്യാറെടുക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല