സ്വന്തം ലേഖകന്‍: ഒന്നാം ലോകയുദ്ധത്തിന് തിരികൊളുത്തിയ ആള്‍ക്ക് സ്മാരകം നിര്‍മ്മിച്ച് സെര്‍ബിയ. 1914 ജൂണ്‍ 28 ന് സറജാവോയില്‍ ഫ്രാന്‍സ് ഫെര്‍ഡിനാന്‍ഡ് രാജകുമാരനു നേരെ നിറയൊഴിച്ച ഗാവ്‌റിലോ പ്രിന്‍സിപ്പിന്റെ വെങ്കല പ്രതിമയാണ് സെര്‍ബിയ സര്‍ക്കാര്‍ ആസ്ഥാനത്തിനു സമീപമുള്ള ചത്വരത്തില്‍ അനാഛാദനം ചെയ്തത്. ബോസ്‌നിയയിലെ സ്വതന്ത്രഭരണ പ്രദേശമായ സെര്‍ബ് റിപ്പബ്ലിക്കാണു പ്രതിമ നിര്‍മിച്ചത്.
ഓസ്ട്രിയ, ഹംഗറി സാംരാജ്യത്തിന്റെ കിരീടാവകാശിയായിരുന്ന ആര്‍ച്ച്ഡ്യൂക്ക് ഫ്രാന്‍സ് ഫെര്‍ഡിനാന്‍ഡിന്റെ കൊലപാതകമാണ് ഒന്നാം ലോകയുദ്ധത്തിന് തുടക്കമിട്ടത്. അന്നുമുതല്‍ ഇന്നുവരെ വിവാദ പുരുഷനാണ് കൊല നടത്തിയ ഗാവ്‌റിലോ പ്രിന്‍സിപ്പ്.
മധ്യകിഴക്കന്‍ യൂറോപ്പിലെ സ്ലാവ് വംശജരുടെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനുമായി പോരാടിയ വീരനാണു പ്രിന്‍സിപ്പെന്ന് യാഥാസ്ഥിതിക സെര്‍ബ് വംശജര്‍ പറയുമ്പോള്‍ ഇയാള്‍ ദേശഭ്രാന്തനായ തീവ്രവാദിയായിരുന്നെന്നാണ് ബോസ്‌നിയന്‍ മുസ്‌ലിംകളുടെയും ക്രൊയേഷ്യന്‍ കത്തോലിക്കരുടെയും മറ്റും നിലപാട്. യുഗോസ്‌ലാവ്യയിലെ സോഷ്യലിസ്റ്റ് ഭരണകാലത്ത് പ്രിന്‍സിപ്പിനെ വീരനായകനായി പരിഗണിച്ചിരുന്നു.
ഫ്രാന്‍സിസ് ഫെര്‍ഡിനാന്‍ഡിന്റെ കൊലപാതകത്തിനു പിന്നാലെ ഓസ്ട്രിയ, ഹംഗറി സാംരാജ്യം സെര്‍ബിയയോടു യുദ്ധം പ്രഖ്യാപിച്ചതോടെ 1914 ജൂലൈ 28 ന് ഒന്നാം ലോകയുദ്ധത്തിനു തുടക്കമായി. കൊലപാതകത്തെത്തുടര്‍ന്നു പ്രിന്‍സിപ് പിടിയിലായെങ്കിലും ഇരുപതു വയസ്സു തികഞ്ഞില്ലെന്ന കാരണത്താല്‍ വധശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെടുകയും 1918 ല്‍ ക്ഷയരോഗബാധിതനായി തടവറയില്‍ മരിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല