സ്വന്തം ലേഖകന്‍: ബിസിനസ് രംഗത്തെ ഫ്രഞ്ച് ഇതിഹാസം സേര്‍ജ് ദേസോ ഓര്‍മയായി. 93 വയസായിരുന്നു. ഏവിയേഷന്‍ ഗ്രൂപ്പ് ആസ്ഥാനത്താണു മരണം സംഭവിച്ചത്. റഫാലും മിറാഷും ഉള്‍പ്പെടെ യുദ്ധവിമാനങ്ങള്‍ നിര്‍മിച്ചും ഫ്രാന്‍സിലെ പ്രശസ്തമായ ‘ലെ ഫിഗറോ’ പത്രം നടത്തിയും പ്രശസ്തനാണ് ദേസോ. 61 മത്തെ വയസില്‍ കുടുംബ ബിസിനസ് ഏറ്റെടുത്ത അദ്ദേഹം ഏവിയേഷന്‍ മേധാവിയായി 2000 ല്‍ വിരമിച്ചെങ്കിലും ഗ്രൂപ്പ് ചെയര്‍മാനായി തുടരുകയായിരുന്നു.
നികുതി വെട്ടിപ്പ് കേസില്‍ കുടുങ്ങിയ ദെസോയുടെ പ്രായം കണക്കിലെടുത്തു കോടതി ജയില്‍ശിക്ഷ ഒഴിവാക്കിയിരുന്നു. 20 ലക്ഷം യൂറോ പിഴ ചുമത്തുകയും ചെയ്തു. പിതാവ് മാര്‍സെല്‍ ദെസോ തുടങ്ങിയ ബിസിനസാണ് 1986ല്‍, അറുപത്തൊന്നാം വയസ്സില്‍ സേര്‍ജ് ഏറ്റെടുത്തു വന്‍ സാമ്രാജ്യമാക്കിയത്. ഏറനോട്ടിക്കല്‍ എന്‍ജിനീയറും ഒട്ടേറെ കണ്ടുപിടിത്തങ്ങളുടെ ഉടമയുമായിരുന്ന മാര്‍സെല്‍ ഒന്നാം ലോകയുദ്ധകാലത്തു ഫ്രഞ്ചു വിമാനങ്ങള്‍ക്കായി വികസിപ്പിച്ചെടുത്ത പ്രത്യേക പ്രൊപ്പലര്‍ ശ്രദ്ധേയമായിരുന്നു.
നാത്‌സികളുടെ പിടിയിലായപ്പോള്‍, അവര്‍ക്കായി വൈദഗ്ധ്യം വിനിയോഗിക്കാന്‍ വിസമ്മതിച്ച മാര്‍സെല്‍ ദെസോ നാത്‌സി ക്യാംപില്‍ കഴിഞ്ഞിട്ടുമുണ്ട്. ഫ്രാന്‍സിലെ സമ്പന്നരില്‍ മൂന്നാമനായിരുന്നു സേര്‍ജ് ദെസോ. ആസ്തി 1480 കോടി ഡോളറാണെന്നാണു ഫോബ്‌സ് മാഗസിന്‍ കണക്കുകള്‍. രാഷ്ട്രീയത്തില്‍ വലതുപക്ഷക്കാരനായ അദ്ദേഹം സെനറ്ററായും മേയറായും വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. നാലുമക്കളില്‍ ഒരാളായ ഒലിവിയെ ദെസോ ഇപ്പോള്‍ പാര്‍ലമെന്റ് അംഗമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല