1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2023

സ്വന്തം ലേഖകൻ: യുകെയിലെ സീരിയല്‍ കില്ലറായ നഴ്‌സ് ലൂസി ലെറ്റ്ബി കൂടുതല്‍ കുഞ്ഞുങ്ങളെ ഉപദ്രവിച്ചോ എന്ന് കണ്ടെത്താനായി പോലീസ് അന്വേഷണം വിപുലമാക്കുന്നു. ഏഴുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ ലൂസി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ ഇവര്‍ ജോലിചെയ്ത ആശുപത്രികള്‍ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം.

ലൂസി ലെറ്റ്ബി ഏഴുകുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ആറ് കുഞ്ഞുങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ സംശയാസ്പദമായ ചില സംഭവങ്ങള്‍ക്ക് ഇരയായ 30 കുട്ടികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇതിനുപുറമേ ലൂസി നേരത്തെ ജോലിചെയ്ത ലിവര്‍പൂള്‍ വിമന്‍സ് ആശുപത്രിയുമായി ബന്ധപ്പെട്ടും പോലീസ് സംഘം പരിശോധന നടത്തും.

2012 മുതല്‍ 2015 വരെയുള്ള കാലയളവിലാണ് ട്രെനിങ്ങിന്റെ ഭാഗമായി ലിവര്‍പൂളിലെ ആശുപത്രിയില്‍ പ്രതി ജോലിചെയ്തിരുന്നത്. ഇക്കാലയളവില്‍ ലിവര്‍പൂള്‍ ആശുപത്രിയില്‍ ജനിച്ച നാലായിരത്തിലേറെ കുട്ടികളുടെ മെഡിക്കല്‍ രേഖകള്‍ പരിശോധിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം ചെസ്റ്റര്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞുങ്ങളുടെയും വിവരങ്ങള്‍ പരിശോധിക്കും.

ഈ പരിശോധനയില്‍ എന്തെങ്കിലും സംശയാസ്പദമായി കണ്ടെത്തിയാല്‍ അത് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. ഈ കുഞ്ഞുങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളിലോ മരണങ്ങളിലോ കൃത്യമായ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും അന്വേഷിക്കാനും മെഡിക്കല്‍ വിദഗ്ധരുടെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാനുമാണ് തീരുമാനം.

2015 മുതല്‍ 2016 വരെ ഒരുവര്‍ഷത്തിനിടെയാണ് ഏഴുകുഞ്ഞുങ്ങളെ നഴ്‌സായ ലൂസി ലെറ്റ്ബി അതിക്രൂരമായി കൊലപ്പെടുത്തിയത്. ചെസ്റ്റര്‍ ആശുപത്രിയിലെ നിയോനെറ്റോളജി വിഭാഗത്തില്‍ നഴ്‌സായിരുന്ന പ്രതി, ഇവിടെ ചികിത്സയിലായിരുന്ന കുഞ്ഞുങ്ങളെ ഞരമ്പില്‍ വായു കുത്തിവെച്ചും അമിതമായി പാല് നല്‍കിയുമാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. മാസം തികയുന്നതിന് മുമ്പ് പ്രസവിച്ച കുഞ്ഞുങ്ങളും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നിയോനെറ്റോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞുങ്ങളുമാണ് ഇവരുടെ ക്രൂരതയ്ക്കിരയായത്.

കേസില്‍ തിങ്കളാഴ്ച പ്രതിക്കുള്ള ശിക്ഷ വിധിക്കും. ജീവിതാന്ത്യംവരെ നഴ്‌സിന് തടവ് ശിക്ഷ ലഭിച്ചേക്കുമെന്നാണ് സൂചന. അതേസമയം, ശിക്ഷ വിധിക്കുന്നത് കേള്‍ക്കാനോ കോടതിയില്‍ ഹാജരാകാനോ തനിക്ക് താത്പര്യമില്ലെന്നാണ് ലൂസി നേരത്തെ പറഞ്ഞിരുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയും കോടതിനടപടികളില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്നും പ്രതി പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.