സ്വന്തം ലേഖകന്‍: വീല്‍ചെയറിലായ ഉടമയ്‌ക്കൊപ്പം ദിവസവും ക്ലാസിലെത്തിയ നായയ്ക്ക് ഓണററി ഡിപ്ലോമ സമ്മാനിച്ച് യുഎസ് സര്‍വകലാശാല. കടുത്ത ശരീരവേദന ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള ബ്രിറ്റനി ഹൗളി എന്ന വിദ്യാര്‍ഥിനിയും അവരുടെ ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട 4 വയസുകാരന്‍ നായ ഗ്രിഫിനുമാണ് ഇപ്പോള്‍ വാര്‍ത്തയിലെ താരങ്ങള്‍.
വീല്‍ച്ചെയറില്‍ ബ്രിറ്റനി ഹൗളി ക്ലാസില്‍ പോകുമ്പോഴെല്ലാം കൂട്ടിനു ഗ്രിഫിനുമുണ്ടായിരുന്നു. ഹൗളി ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി രോഗികളെ പരിചരിക്കുമ്പോള്‍ ആകുംവിധം സഹായിക്കാനും ഗ്രിഫിന്‍ മുന്നിലുണ്ടായിരുന്നു. ഒടുവില്‍ ഹൗളിക്ക് ഒക്കുപ്പേഷനല്‍ തെറപ്പിയില്‍ മാസ്റ്റേഴ്‌സ് സമ്മാനിക്കുമ്പോള്‍ ക്ലാര്‍ക്‌സണ്‍ സര്‍വകലാശാല ഗ്രിഫിനും കൊടുത്തു, ഒരു ഓണററി ഡിപ്ലോമ.
വെസ്റ്റ് വെര്‍ജീനിയയില്‍ തടവുകാര്‍ പരിശീലിപ്പിച്ച നായ്ക്കളില്‍ നിന്നാണ് ഗ്രിഫിനെ ഹൗളിക്കു കിട്ടിയത്. ഇഷ്ടമുള്ള നായയെ നാം തിരഞ്ഞെടുക്കുകയല്ല, ഇഷ്ടമുള്ളയാളെ നായ തിരഞ്ഞെടുക്കുന്ന രീതിയാണവിടെ. ഹൗളിയുടെ വീല്‍ചെയര്‍ കണ്ടു മറ്റു നായ്ക്കള്‍ വിരണ്ടപ്പോള്‍ ഗ്രിഫിന്‍ ചാടിവന്നു മടിയിലിരുന്നു; സ്‌നേഹപൂര്‍വം മുഖത്തു നക്കി.
വാതില്‍ തുറക്കാനും ലൈറ്റിടാനും ലേസര്‍ പോയിന്റര്‍ കൊണ്ട് അവള്‍ ചൂണ്ടിക്കാട്ടുന്ന സാധനങ്ങള്‍ എടുത്തുകൊടുക്കാനും ഇപ്പോള്‍ ഗ്രിഫിനുണ്ട്. ഇന്റേണ്‍ഷിപ് കഴിഞ്ഞ് ജോലിക്കുള്ള അപേക്ഷകളില്‍ ഗ്രിഫിനെയും ചേര്‍ത്തുള്ള പാക്കേജ് ഡീല്‍ ആണു മുന്നോട്ടു വയ്ക്കുന്നതെന്ന് ഹൗളി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല