സ്വന്തം ലേഖകന്‍: കൊച്ചി വ്യോമസേനാ വിമാനത്താവളത്തില്‍ യാത്രാവിമാനമിറങ്ങി; കൂടുതല്‍ സ്ഥലങ്ങളിലേക്ക് ആഭ്യന്തര സര്‍വീസുകള്‍ നടത്തും. എയര്‍ ഇന്ത്യയുടെ ചെറുവിമാന ഉപകമ്പനിയായ അലയന്‍സ് എയറിന്റെ 70 പേര്‍ക്കു യാത്ര ചെയ്യാവുന്ന ചെറുവിമാനം എടിആര്‍ ആണ് രാവിലെ 7.30 ന് കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ ഐഎന്‍എസ് ഗരുഡ വ്യോമത്താവളത്തിലിറങ്ങിയത്.
ബെംഗളൂരുവില്‍ നിന്നാണ് വിമാനം യാത്രക്കാരുമായി കൊച്ചിയിലെത്തിയത്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം തുറക്കുന്നതുവരെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ നടത്തും. ബെംഗളൂരുവിലേക്കു രണ്ടും കോയമ്പത്തൂരിലേക്ക് ഒരു സര്‍വീസുമാണു തുടക്കത്തില്‍ ഉണ്ടാവുക. ദിവസം മൂന്നു സര്‍വീസ് നടത്തും. ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളി വഴി കൊച്ചിയിലേക്കു വിമാന സര്‍വീസുണ്ടാവും.
ഏറ്റവുമൊടുവില്‍ നേവല്‍ ബേസ് വിമാനത്താവളത്തില്‍നിന്നു പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസ് നടത്തിയത് 1999 ജൂണ്‍ പത്തിന് ആയിരുന്നു. നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്നു സര്‍വീസുകള്‍ നടത്തുന്നത്. 70 യാത്രക്കാരെ കയറ്റാനാകുന്ന ചെറുവിമാനങ്ങളാണ് സര്‍വീസ് നടത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല