
സ്വന്തം ലേഖകൻ: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സേതുരാമയ്യർ ബുർജ് ഖലീഫയിൽ തെളിഞ്ഞു. മമ്മൂട്ടിയുടെ പുതിയ ചിത്രം സിബിഐ ഫൈവ്- ദി ബ്രെയ്ബ്രെയ്‌നിന്റെ ട്രെയിലർ ആണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദുബായ്ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത്. പ്രദർശനത്തിന് സാക്ഷിയാവാൻ മമ്മൂട്ടിയും ദുബായിലെത്തി.
സേതുരാമ അയ്യർ ലോകത്തിന്റെ നെറുകയിൽ തെളിഞ്ഞ നിമിഷം നേരിട്ടാസ്വദിച്ച മമ്മൂട്ടിയുടെ മുഖഭാവങ്ങളും തരംഗമായി. സിബിഐ ഫൈവിന്റെ ഓവർസ്സീസ് വിതരണക്കാരായ ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് ഗംഭീര പ്രമോഷൻ ഒരുക്കിയത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് മമ്മൂട്ടിയുടേതായി ചെയ്യുന്ന മൂന്നാമത്തെ ചിത്രവും കമ്പനിയുടെ പത്താമത്തെ സിനിമയുമാണ് സിബിഐ ഫൈവ്.
ബുർജ് ഖലീഫയിലെ പ്രദർശ്ശനത്തിനു മുന്നോടിയായി ദുബായ് മാളിലെ റീൽ സിനിമാസിൽ നടന്ന പ്രസ് മീറ്റിൽ താരങ്ങളായ മമ്മൂട്ടി, രമേഷ് പിഷാരടി, രഞ്ചി പണിക്കർ തുടങ്ങിയവർക്കൊപ്പം ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമ്മാൻ അബ്ദുൾ സമദ് , റീജിയണൽ മാനേജർ ആർ ജെ സൂരജ് , ട്രൂത്ത് ഗ്രൂപ്പ് പ്രതിനിധികളായ റാഷിദ്, തനൂജ സമദ്, സർഫറാസ് , റബിൻ , ഹാഷിഫ്, ഫാരിഷ് , താഹ , അരീബ് , സദക് തുടങ്ങിയവരും യുഎഇയിലെ വിവിധ റേഡിയോകളിലെ റേഡിയോ ജോക്കികളും, പ്രശസ്തരായ സോഷ്യൽ മീഡിയ ഇൻഫ്ലുവർസ്സർമ്മാരും പങ്കെടുത്തു.
തങ്ങളെ വിശ്വസിച്ച് ദി പ്രീസ്റ്റും , ഭീഷ്മ പർവ്വവും, സിബിഐ ഫൈവും സിനിമയും നൽകുന്ന പ്രിയപ്പെട്ട മമ്മൂക്കക്ക് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് നൽകുന്ന ആദരവാണ് ബുർജ് ഖലീഫയിലെ പ്രദർശ്ശനമെന്ന് ചെയർമ്മാൻ അബ്ദുൾ സമദ് പറഞ്ഞു.. മലയാളത്തിന്റെ താര രാജാവിന്റെ പ്രൗഢി അടയാളപ്പെടുത്താൻ മണ്ണിലെ ഏറ്റവും വലുത് ഞങ്ങൾക്കു മുന്നിൽ ഇതാണെന്ന് നന്ദി പ്രകാശിപ്പിക്കുന്നതിനൊപ്പം ആർ ജെ സൂരജ് പറഞ്ഞു.
മലയാള സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇതിനു മുൻപ് ദുൽഖർ സൽമാൻ നായകനായ കുറുപ്പിന്റെ പ്രമോഷനായിരുന്നു ബുർജ് ഖലീഫയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതോടെ അച്ഛന്റെയും മകന്റെയും സിനിമാ പ്രമോഷൻ ഒരേ സ്ഥലത്ത് നടന്നെന്ന യാദൃശ്ചികതയും കാഴ്ചക്കാരിലും ആരാധകരിലും ആവേശമുയർത്തി.
ഈദ് റിലീസായി മെയ് ഒന്നിനാണ് സിബിഐ ഫൈവ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. മേക്കിങ്ങിലും അവതരണ ശൈലിയിലും അടിമുടി മാറ്റങ്ങളോടെയാകും സിബിഐ പുതിയ ഭാഗം വീണ്ടും പ്രേക്ഷകർക്ക് മുമ്പിലെത്തുക.
കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ് എൻ സ്വാമിയാണ് തിരക്കഥ എഴുതുന്നത്. സ്വർഗചിത്ര അപ്പച്ചനാണ് നിർമാണം. 1988 ഫെബ്രുവരി 18നാണ് സിബിഐ സിരീസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ പുറത്തിറങ്ങിയത്. പിന്നീട്, ‘ജാഗ്രത’, ‘സേതുരാമയ്യർ സിബിഐ’, ‘നേരറിയാൻ സിബിഐ’ എന്നീ സിനിമകളും പുറത്തിറങ്ങി. 17 വർഷങ്ങൾക്ക് ശേഷമാണ് അഞ്ചാം ഭാഗം ഒരുങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല