സ്വന്തം ലേഖകന്‍: ബ്രഡിന്റെ വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം ആളിപ്പടരുന്നു; മരണം എട്ടായി. രാജ്യത്ത് ഉയരുന്ന ഭക്ഷ്യവിലയ്ക്കും ഇന്ധനക്ഷാമത്തിനുമെതിരെ സുഡാനില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമാകുന്നു. ഇന്നലെ പ്രക്ഷോഭകാരികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ബ്രഡിന്റെ വിലവര്‍ധനവും ഇന്ധനക്ഷാമവും സുഡാനി പൗണ്ടിന്റെ തകര്‍ച്ചയുമാണ് പ്രക്ഷോഭത്തിന് ഇടയാക്കിയത്. പ്രക്ഷോഭം രൂക്ഷമായ കിഴക്കന്‍ ഗദ്രിഫില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറുപേര്‍ ഇവിടെ മരിച്ചിരുന്നു.
‘നിയന്ത്രിക്കാന്‍ കഴിയാത്തവിധം ശക്തമാകുകയാണ് ഖദ്രിഫിലെ സാഹചര്യം. പ്രദേശം കൊള്ളയടിക്കപ്പെടുകയും കലാപകാരികള്‍ അക്രമം അഴിച്ചുവിടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്,’ എം.പി. മുബാറക് അല്‍ നൂര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഖദ്രിഫിന് പുറമെ വടക്ക് കിഴക്കന്‍ നഗരമായ അത്ബാറയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്നലെ പ്രക്ഷോഭകര്‍ ഭരണപാര്‍ട്ടിയുടെ സിരാകേന്ദ്രത്തിന് തീയിട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സമാധാനപരമായി ആരംഭിച്ച സമരം പൊടുന്നനെ അക്രമാസക്തമാകുകയായിരുന്നു. സ്‌കൂളുകളും പ്രധാന നഗരവും അടച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല