നല്ല പ്രായത്തില്‍ സെക്‌സിനെക്കുറിച്ചാലോചിച്ച് ബുദ്ധിക്ക് വ്യായാമം നല്‍കാത്തവരുണ്ടാകില്ല. എന്നാല്‍ പ്രായമേറുന്നതോടെ സെക്‌സിനെ വ്യായാമമായി പരിഗണിക്കാനാകുമോ എന്നതാവും മിക്ക മനുഷ്യരുടെയും ആധി. ആ സമയങ്ങളിലൊഴികെ തടിയിളക്കാത്തവര്‍ സെക്‌സ് നല്ലൊരു വ്യായാമമാണെന്നോര്‍ത്ത് സ്വയം സമാധാനിക്കും. മറ്റു വ്യായാമങ്ങളൊന്നും ചെയ്തില്ലെങ്കിലും ഇതു മുടങ്ങാതിരുന്നാല്‍ എല്ലാം ഓക്കെ എന്നാകും ഇക്കൂട്ടരുടെ ചിന്ത. ശരീരത്തെ അല്പം കൂടെ ഗൗരവത്തോടെ കാണുന്നവരാകട്ടെ സെക്‌സ് ദോഷം ചെയ്യുമോ എന്ന് സദാ പേടിച്ചുകൊണ്ടേയിരിക്കും.
ലൈംഗികത സമ്മര്‍ദ്ദമേറ്റുമോ, അതുവഴി ഹൃദയാഘാതം സംഭവിക്കുമോ എന്നതൊക്കെയാകും ഇവരുടെ ചിന്ത. മധ്യവയസിനുശേഷമുള്ള സെക്‌സ് ഗുണമോ ദോഷമോ? എല്ലാവര്‍ക്കും അറിയാന്‍ ആഗ്രഹമുളള, എന്നാല്‍ ഏവരും ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന വിഷയമാണിത്. അധികമായാല്‍ അമൃതും വിഷം എന്ന ‘മുന്‍ഷിമോഡല്‍’ ഒഴുക്കന്‍മറുപടിയേ സെക്‌സോളജിസ്റ്റുകള്‍ പോലും ഇതിനു നല്‍കാറുള്ളൂ. ഇപ്പോഴിതാ തികച്ചും ശാസ്ത്രീയമായി ഈ ചോദ്യത്തിനുത്തരം നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു.
ട്രെഡ്മില്ലോ പട്ടുമെത്തയോ?
ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഹൃദയധമനികളിലുണ്ടാകുന്ന പ്രഭാവം പഠിക്കാന്‍ 55വയസ് ശരാശരി പ്രായമുള്ള 19 പേരെ ആരോഗ്യഗവേഷണസംഘം തിരഞ്ഞെടുത്തിരുന്നു. അവരില്‍ 13 പേര്‍ സ്ത്രീകളായിരുന്നു. മൂന്നിലൊന്നു പുരുഷന്‍മാരും വിവാഹിതര്‍. ഇവരില്‍ എഴുപതു ശതമാനവും എന്തെങ്കിലും തരത്തിലുളള ഹൃദയസംബന്ധമായ തകരാറുള്ളവരും അമ്പത്തിമൂന്ന് ശതമാനംപേര്‍ മരുന്നുകഴിക്കുന്നവരുമായിരുന്നു. ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടെങ്കിലും ഇവരൊക്കെ ആഴ്ചയില്‍ നാലുതവണ വീതം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണ്. മാസത്തില്‍ ആറുതവണ എന്നതായിരുന്നു ഇതിന്റെ ശരാശരിക്കണക്ക്.
ലാബിലെ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുമ്പോഴും വീട്ടിലെ കിടപ്പുമുറിയില്‍ ജീവിതപങ്കാളിക്കൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും ഇവരുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും പരിശോധിക്കുകയായിരുന്നു പഠനത്തിന്റെ അടുത്തഘട്ടം. ട്രെഡ്മില്ലില്‍ നടക്കുമ്പോഴാണ് ശരീരത്തിന് ശരിക്കും വ്യായാമം കിട്ടുന്നതെന്ന് പഠനത്തില്‍ തെളിഞ്ഞു.
ഒന്നു മുതല്‍ അഞ്ചുവരെയുള്ള ഒരു സ്‌കെയിലാക്കി വിലയിരുത്തുമ്പോള്‍ 4.6 ആണ് ട്രെഡ്മില്ലിലെ നടത്തം ശരീരത്തിനു സമ്മാനിക്കുന്ന വ്യായാമം. ലൈംഗികബന്ധമാകട്ടെ സ്‌കെയിലില്‍ 2.7 പോയിന്റ് മാത്രമേ നേടിയുള്ളൂ. ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, പേശികളുടെ വലിവ് എന്നിവയെല്ലാം കൂടുതലായി കാണപ്പെടുന്നത് ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുമ്പോഴാണ്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അത്രത്തോളം സമ്മര്‍ദ്ദം ശരീരത്തിനുണ്ടാകുന്നില്ല.
സെക്‌സ് എന്ന വ്യായാമം
ലൈംഗികതയെക്കുറിച്ച് ചിന്തിച്ചും ചര്‍ച്ച ചെയ്തും നമ്മള്‍ ചെലവാക്കുന്ന ഊര്‍ജ്ജത്തിന്റെ പകുതി പോലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ചെലവഴിക്കപ്പെടുന്നില്ല എന്നതാണ് ഈ പഠനം വെളിവാക്കുന്ന യാഥാര്‍ഥ്യം. ലൈംഗികബന്ധത്തിനിടെ ഒരാളുടെ ഹശദയമിടിപ്പു പോലും മിനുട്ടില്‍ 130 എന്ന നിലയിലേക്കെത്തുന്നില്ല. രക്തസമ്മര്‍ദ്ദമാകട്ടെ 170നടുത്തായിട്ടാണ് എല്ലാവരിലും കാണപ്പെടുക. ഓക്‌സിജന്‍ ഉപയോഗത്തിന്റെ കാര്യത്തിലാകട്ടെ 3.5 മെറ്റ്‌സ് (മെറ്റബോളിക് ഇക്വലെന്റ്‌സ്) ആണ് ലൈംഗികബന്ധത്തിനിടെ നമ്മുടെ ശരീരം സ്വീകരിക്കുന്നത്.
മുറ്റത്തെ ചപ്പിലകള്‍ പെറുക്കുമ്പോഴും ടേബിള്‍ടെന്നീസ് കളിക്കുമ്പോഴുമൊക്കെ ശരീരം സ്വീകരിക്കുന്ന ഓക്‌സിജന്‍ അളവിനു തുല്യമാണിത്. മിനുട്ടില്‍ അഞ്ച് കലോറികളാണ് ലൈംഗികബന്ധത്തിനായി ശരീരം ചെലവിടുന്നത്. വെറുതെയിരുന്നു ടി.വി. കാണുന്നതിനേക്കാള്‍ നാലു കലോറി അധികമാണിത് എന്നതു സത്യം തന്നെ. എന്നാല്‍ മുറ്റത്ത് വെറുതെ ഉലാത്തിയാല്‍ മിനുട്ടില്‍ അഞ്ചു കലോറിയേക്കാള്‍ കൂടുതല്‍ കളയാനാകും.
സെക്‌സിനെ സെക്‌സായി കാണാം
മുറ്റത്തെ ചപ്പിലകള്‍ പെറുക്കിയാല്‍ കൂടുതല്‍ കലോറികള്‍ കത്തിക്കാനാകുമെന്നത് ശരിതന്നെ, എന്നാല്‍ സെക്‌സ് പകരുന്ന ശാരീരിക, മാനസിക അനുഭൂതികള്‍ സമ്മാനിക്കാന്‍ അതിനു സാധിക്കില്ലെന്നത് വേറെകാര്യം. അതുകൊണ്ടു തന്നെ സെക്‌സിനെ വെറും വ്യായാമമായി കാണുന്നതില്‍ വലിയ കാര്യമില്ല. പക്ഷേ, സെക്‌സ് വരുത്തിവെച്ചേക്കാവുന്ന ചില ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ലൈംഗികബന്ധം സമ്മാനിക്കുന്ന ആവേശവും സമ്മര്‍ദ്ദവും ശരീരത്തിലെ അഡ്രനാലിന്‍ അളവു ക്രമാതീതമായി വര്‍ധിപ്പിക്കുന്നു.
അഡ്രനാലിന്‍ അളവു കൂടിയാല്‍ ഹൃദയമിടിപ്പില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. അതു ചിലപ്പോള്‍ ഹൃദയസ്തംഭനത്തിലേക്കു പോലും വഴിതെളിച്ചേക്കാം. അപ്പോള്‍ സെക്‌സ് ഹൃദയസ്തംഭനമുണ്ടാക്കുമോ എന്നാരെങ്കിലും ചോദിച്ചാല്‍ തിയറി പ്രകാരം അങ്ങനെ സംഭവിക്കാന്‍ സാധ്യതുണ്ട് എന്നുതന്നെയാണ് ഉത്തരം. പക്ഷേ, നിത്യജീവിതത്തില്‍ അപൂര്‍വം കേസുകളേ അങ്ങനെയുണ്ടായിട്ടുള്ളൂ. ജീവിതപങ്കാളിക്കൊപ്പമാണ് നിങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതെങ്കില്‍ ഹൃദ്രോഗസാധ്യത പിന്നെയും കുറയുന്നു. നൂറു ഹാര്‍ട്ട്അറ്റാക്ക് കേസുകളെടുത്തു പരിശോധിച്ചാല്‍ ലൈംഗികബന്ധത്തിനിടെ സംഭവിച്ചത് ഒന്നില്‍ കുറവായിരിക്കും. മരണത്തിലേക്ക് നയിച്ച ഹൃദയസ്തംഭനത്തിന്റെ കണക്കുപരിശോധിച്ചാല്‍ ഇരുനൂറിലൊന്നേ സെക്‌സിനിടയില്‍ ഉണ്ടാകുന്നുള്ളൂ.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അമ്പതുവയസു കഴിഞ്ഞ ഏതൊരാള്‍ക്കും ഏതുനിമിഷവും ഹൃദയാഘാതമുണ്ടാകാനുളള സാധ്യത പത്തുലക്ഷത്തില്‍ ഒന്നാണ്. ലൈംഗികബന്ധം ആ സാധ്യത ഇരട്ടിപ്പിക്കും. അപ്പോഴും പത്തുലക്ഷത്തില്‍ രണ്ട് ആകുന്നതേയുള്ളു. ഹൃദ്രോഗമുളള പത്തുലക്ഷം പേരില്‍ ഇരുപതുപേര്‍ക്ക് ലൈംഗികബന്ധത്തിനിടെ ഹൃദയാഘാതമുണ്ടാകാനുളള സാധ്യതയുണ്ട്. ഇത് നേരിയ സാധ്യത മാത്രമായതിനാല്‍ ആശങ്കള്‍ക്ക് അടിസ്ഥാനമില്ല.
വയാഗ്ര സഹായിക്കുമോ?
ഹൃദ്രോഗമുളളവര്‍ ലൈംഗികബന്ധത്തിനിടെ മരിക്കാതിരിക്കാന്‍ പ്രകൃതി തന്നെ ചില മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നത് രസകരമായ വസ്തുതയാണ്. ഹൃദോഗത്തിലേക്കു നയിക്കുന്ന പുകവലി, പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, അമിത കൊളസ്‌ട്രോള്‍ എന്നിവയുള്ളവര്‍ക്ക് ഉദ്ധാരണശേഷി സ്വാഭാവികമായി നഷ്ടപ്പെടുന്നു എന്നതാണ് രസകരമായ ആ വസ്തുത. അങ്ങനെ സംഭവിക്കുന്നതോടെ ലൈംഗികബന്ധത്തിനിടെ ഹൃദയാഘാതസാധ്യത ഇല്ലാതാകുകയാണല്ലോ. പുരുഷലിംഗത്തിലേക്കുളള രക്തധമനികള്‍ക്ക് നാശം സംഭിക്കുന്ന അത്തിറോക്ലെറോസിസ് എന്ന അവസ്ഥയാണ് ഇക്കൂട്ടരില്‍ ഏറെയും കാണുന്നത്.
എന്നാല്‍ വയാഗ്രയുടെ വരവോടെ പുരുഷന്‍മാരുടെ ഉദ്ധാരണപ്രശ്‌നങ്ങളില്‍ എഴുപതുശതമാനവും ഇപ്പോള്‍ പരിഹരിക്കപ്പെടുന്നുണ്ട്. അതോടെ ലൈംഗികബന്ധത്തിനിടെ ഹൃദയാഘാതസാധ്യതയും വര്‍ധിച്ചു. ഹൃദ്രോഗം, പ്രേേഹം, അമിതരക്തസമ്മര്‍ദ്ദം എന്നിവയുള്ളവര്‍ വയാഗ്ര ഉപയോഗിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് അപകടം സൃഷ്ടിച്ചേക്കാം. ഒരു ഡോക്ടറുടെ ഉപദേശം തേടിയശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതാകും ഉചിതം.
സുരക്ഷിതലൈംഗികത
മനുഷ്യജീവിതത്തിന്റെ സ്വാഭാവികമായ ഒരുഭാഗമാണ് ലൈംഗികത. ഹൃദ്രോഗമുണ്ടെങ്കിലും ഇല്ലെങ്കിലും ശരി സുരക്ഷിതലൈംഗികത ശീലമാക്കിയെടുക്കുന്നതാണ് ഏവര്‍ക്കും ആരോഗ്യത്തിന് നല്ലത്. പുകവലി ഒഴിവാക്കല്‍, കൃത്യമായ വ്യായാമം, ഭക്ഷണനിയന്ത്രണം, മദ്യപാനം നിയന്ത്രിക്കല്‍ എന്നിവ കൃത്യമായി പാലിേച്ച പറ്റൂ. ശാരീരികമായി അത്ര സുഖം തോന്നുന്നില്ലെങ്കില്‍ മധ്യവയസ്‌കരെങ്കിലും സെക്‌സിനു മുന്‍കൈയെടുക്കരുത്. ലൈംഗികബന്ധത്തിനിടെ ഹൃദോഗത്തിനുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം.
ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ സെക്‌സ് ഹൃദയത്തിന് ഒരു പോറലുമേല്‍പ്പിക്കില്ല. പക്ഷേ, അതുനിങ്ങളുടെ ബാക്കിയുള്ള ശരീരഭാഗങ്ങള്‍ക്കും സുരക്ഷിതമായിരിക്കണം എന്നുമാത്രം. ഹൃദയസംബന്ധമായ അസുഖങ്ങളേക്കാള്‍ എത്രയോ മാരകമാണ് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങള്‍ സമ്മാനിക്കുന്ന രോഗങ്ങള്‍. സെക്‌സിന്റെ കാര്യം വരുമ്പോള്‍ തലച്ചോറിനേക്കാള്‍ മനസുപറയുന്നത് കേള്‍ക്കാനാണ് ഏവരുമിഷ്ടപ്പെടുക എന്നത് അപകടസാധ്യതയേറ്റുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല