അടുത്തവര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകുന്നതിനുള്ള പ്രചാരണത്തില്‍നിന്നും ഹെര്‍മന്‍ കെയ്ന്‍ പിന്മാറി. ലൈംഗികാരോപണത്തെത്തുടര്ന്നാണീ തീരുമാനം. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നും അതിനെത്തുടര്‍ന്ന് മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും സൃഷ്ടിച്ച സമ്മര്‍ദത്തില്‍ മനംമടുത്താണ് സ്ഥാനാര്‍ഥിയാകുന്നതിനുള്ള പ്രചാരണത്തില്‍നിന്നും പിന്മാറുന്നതെന്നും കെയ്ന്‍ പറഞ്ഞു.
മൂന്ന് ആരോപണങ്ങളാണ് കെയ്നിനെതിരെ ഉയര്‍ന്നത്. അദ്ദേഹം നാഷണല്‍ റസ്റ്റോറന്റ് അസോസിയേഷന് പ്രസിഡന്റായിരുന്നപ്പോള്‍ തങ്ങളെ പീഡിപ്പിച്ചുവെന്ന ആരോപണവുമായി ഷാരോണ്‍ ബിയലെക്, കാരെന് ക്രോഷര് എന്നീ സ്ത്രീകളാണ് ആദ്യം രംഗത്തുവന്നത്. തുടര്‍ന്ന് കെയ്നുമായി 13 വര്‍ഷത്തെ അവിഹിതബന്ധമുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി അത്ലാന്റയിലെ ഒരു വനിതാവ്യവസായി ജിന്‍ജര്‍ വൈറ്റ് രംഗത്തെത്തി.
ലൈംഗികാരോപണങ്ങള്‍ തന്റെ കുടുംബത്തെ ബാധിച്ചുവെങ്കിലും സമാധാനത്തില്ത്തന്നെയാണ് ഇപ്പോഴും ജിവിക്കുന്നതെന്ന് ജന്മനാടായ അറ്റ്ലാന്റയില്‍ ചെയ്ത പ്രസംഗത്തില്‍ അനുയായികളോട് അദ്ദേഹം പറഞ്ഞു. ഭാര്യ ഗ്ലോറിയയും കെയ്നിനോടൊപ്പമുണ്ടായിരുന്നു. അയോവയിലെ വോട്ടര്‍മാര്‍ അടുത്തമാസം മുതല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കാനിരിക്കെയാണ് കെയ്ന്‍ പിന്മാറുന്നത്. അതിനിടെ കെയ്ന്റെ പിന്മാറ്റം ജനപ്രതിനിധിസഭാ മുന്‍ സ്പീക്കര്‍കൂടിയായ ന്യൂറ്റ് ജിന്ഗ്രിച്ചിന്റെ സ്ഥാനാര്ഥിമോഹത്തെ സജീവമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല