സ്വന്തം ലേഖകന്‍: ‘ജോലി സ്ഥിരമാക്കാന്‍ ലൈംഗികമായി വഴങ്ങിക്കൊടുക്കാന്‍ പ്രേരിപ്പിച്ചു,’ അമേരിക്കയിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി 250 ഓളം മുന്‍ ജീവനക്കാര്‍ രംഗത്ത്. അമേരിക്കയിലെ പ്രമുഖ ജൂവലറി ശൃംഖലയായ സ്‌റ്റെര്‍ലിംഗ് ജ്വല്ലറിയുടെ മുന്‍ ജീവനക്കാരാണ് തങ്ങള്‍ ജോലി ചെയ്തിരുന്ന കാലത്ത് കമ്പനിയുടെ ഉന്നതോദ്യോഗസ്ഥര്‍ ലൈംഗിക പീഡനവും വിവേചനവും കാട്ടിയെന്നാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഉന്നതോദ്യോഗസ്ഥരും ചീഫ് എക്‌സിക്യുട്ടീവുകളും പീഡനം ഉള്‍പ്പെടെ പല തരത്തിലുള്ള ലൈംഗിക അതിക്രമങ്ങളും നടത്തി സ്ഥാപനത്തില്‍ ഒരു തെറ്റായ സംസ്‌ക്കാരം തന്നെ സൃഷ്ടിച്ചെന്ന് ഇവര്‍ ഒറ്റക്കൊറ്റക്ക് നല്‍കിയ പരാതികളില്‍ വ്യക്തമാക്കുന്നു.
പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെട്ട സംഘമാണ് പരാതി നല്‍കിയത്. 1990 നും 2000 നും ഇടയില്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരായിരുന്നവരെ കയറിപ്പിടിക്കുക, ജോലി സ്ഥിരത കിട്ടാന്‍ ലൈംഗികമായി വഴങ്ങിക്കൊടുക്കാന്‍ പ്രേരിപ്പിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നടത്തിയിരുന്നതായിട്ടാണ് ആരോപണം. കമ്പനി ശക്തമായ രീതിയില്‍ ലിംഗ വിവേചനം കാട്ടുന്നെന്ന് ആരോപിച്ച് 2008 ല്‍ 12 സ്ത്രീകള്‍ രംഗത്ത് വന്നതോടെയാണ് പ്രശ്‌നങ്ങളടെ തുടക്കം. രാജ്യത്തുടനീളമായി നടത്തുന്ന 1,500 സ്‌റ്റോറുകളിലായി മുമ്പും ഇപ്പോഴുമായി 69,000 പേരാണ് ജോലി ചെയ്തിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതി നല്‍കിയ പരാതികളാണ് ഇവയില്‍ മിക്കതും.
ഇതില്‍ ഒരാള്‍ 2014 ല്‍ കേസ് വിചാരണ നടന്നു കൊണ്ടിരിക്കെ തന്നെ മരിച്ചു പോകുകയും ചെയ്തു. കമ്പനിയുടെ ഒഹിയോയിലെ ഹെഡ് ക്വാര്‍ട്ടോഴ്‌സിലെ മാനേജര്‍മാര്‍ വരെ ആരോപണത്തിലുണ്ട്. സ്ത്രീ ജീവനക്കാരോട് തൊഴിലിടങ്ങളില്‍ തങ്ങള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നതിന് പുറമേ ഒപ്പം ജോലി ചെയ്യുന്ന സ്ത്രീകളുടെ ശരീരത്തെക്കുറിച്ചു പറഞ്ഞു രസിക്കുക, കൂടുതല്‍ മെച്ചപ്പെട്ട പദവി, ഉയര്‍ന്ന ശമ്പളം, ശിക്ഷയില്‍ നിന്നുള്ള സംരക്ഷണ എന്നിവ കിട്ടുന്നതിനായി സെക്‌സ് ആവശ്യപ്പെടുക എന്നിവയെല്ലാം ഉന്നതരായ പുരുഷ ജീവനക്കാരുടെ സ്ഥിരം പരിപാടികളായിരുന്നു.
സ്‌റ്റെര്‍ലിംഗിന്റെ സെയില്‍സ് വിഭാഗത്തില്‍ പെട്ടിരുന്ന പരാതിക്കാരായ ഒരു നല്ല വിഭാഗവും പുരുഷ മാനേജര്‍മാര്‍ക്ക് പല തരത്തില്‍ വഴങ്ങേണ്ടി വന്നിട്ടുണ്ടെന്നും വെളിപ്പെടുത്തി. ടീം ലീഡര്‍മാരായ പുരുഷന്മാരെ ലൈംഗികമായി വശത്താക്കുന്നത് കരിയറിന് ഗുണം ചെയ്യുമെന്ന് ചില വനിതാ ജീവനക്കാരോട് ആവശ്യപ്പെടുക പോലും ചെയ്തിരുന്നതായി 2003 നും 2008 നും ഇടയില്‍ ന്യൂയോര്‍ക്കില്‍ മാനേജരായിരുന്ന സാന്യാ ഡഗ്‌ളസ് പറഞ്ഞു. 22 വയസ്സുള്ളപ്പോള്‍ ജോലി ചെയ്തിരുന്ന ക്രിസ്റ്റീന്‍ ഹെന്റി ഒരു ജില്ലാ മാനേജര്‍ പരസ്യമായി കയറിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്‌തെന്നും ഇതിന് പരാതി നല്‍കിയതിന് മോഷണം ആരോപിച്ച് ജോലിയില്‍ നിന്നും പുറത്താക്കിയെന്നും ആരോപണം ഉന്നയിച്ചിരുന്നു.
സ്‌റ്റെര്‍ലിംഗിന്റെ 69,000 ജീവനക്കാരില്‍ 44,000 പേരോളം കമ്പനിക്കെതിരേ ലിംഗ വിവേചനത്തിന് മുമ്പ് കേസു കൊടുത്തിട്ടുണ്ട്. ഇതിന് പുറമേ ശമ്പളം നല്‍കുന്നതിലെ പിഴവ്, ഉയര്‍ന്ന പദവികളുടെയും ശമ്പളത്തിന്റേയും കാര്യത്തില്‍ സ്ത്രീകളോട് കാട്ടുന്ന വിവേചനം എന്നിവയുടെ കാര്യത്തിലും കമ്പനി കുറ്റാരോപണങ്ങള്‍ നേരിടുന്നതിനിടയിലാണ് പുതിയ തലവേദന. അതേസമയം ഇതെല്ലാം അസംബന്ധമാണെന്നും തങ്ങള്‍ക്കൊപ്പം ജോലി ചെയ്ത ഒരു ചെറിയ വിഭാഗം മാത്രമാണ് ആരോപണവുമായി രംഗത്തുള്ളതെന്നുമാണ് വന്‍കിട ബിസിനസുകാരായ സ്‌റ്റെര്‍ലിംഗിന്റെ ഉടമകള്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല