സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങള്‍ വഴി ലൈംഗിക ചൂചണം പെരുകുന്നു, സുപ്രീം കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക്, വാട്സാപ് പോലുള്ള സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള ലൈംഗിക ചൂഷണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് തേടിയത്.
കേരളത്തില്‍ ‘കൊച്ചുസുന്ദരികള്‍’ എന്ന ഫെയ്സ്ബുക്ക് പേജുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. അതേസമയം, ഓണ്‍ലൈന്‍വഴി മോശം ചിത്രങ്ങളുംമറ്റും പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ സൈറ്റുകള്‍ നിരോധിക്കണമെന്ന അഭിപ്രായത്തോട് കോടതി വിയോജിച്ചു. ഇപ്പോള്‍ സൈറ്റുകള്‍ നിരോധിക്കണമെന്നാണാവശ്യം. നാളെ മൊബൈല്‍ ഫോണുകള്‍ നിരോധിക്കണമെന്നാവും ആവശ്യം. അതൊരു പരിഹാരമല്ല, അങ്ങനെ ചെയ്യാനും സാധിക്കില്ലെന്ന് ജസ്റ്റിസുമാരായ മദന്‍ ബി.ലോക്കൂര്‍, യു.യു.ലളിത് എന്നിവര്‍ നിരീക്ഷിച്ചു.
കേരളത്തിലെയും മഹാരാഷ്ട്രയിലെയുമുള്പ്പെടെയുള്ള കേസുകള്‍ ചൂണ്ടിക്കാട്ടി മലയാളിയായ സുനിത കൃഷ്ണന്റെ ഹൈദരാബാദ് ആസ്ഥാനമായ സംഘടന ‘പ്രജ്വല’യാണ് കോടതിയെ സമീപിച്ചത്. കേരള, മഹാരാഷ്ട്ര പോലീസുകള്‍ എന്തുകൊണ്ടാണ് നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ക്കെതിരെ നടപടിയെടുക്കാതിരുന്നതെന്ന് കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങിനോടു ചോദിച്ചു.
‘കൊച്ചുസുന്ദരികള്‍’ ഫെയ്സ്ബുക്ക് പേജുമായി ബന്ധപ്പെട്ട കേസും മഹാരാഷ്ട്രയില്‍ ബലാത്സംഗത്തിന്റെ ചിത്രം വാട്സാപ് വഴി പ്രചരിപ്പിച്ച കേസുമാണ് പ്രജ്വല കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. സമൂഹമാധ്യമങ്ങളെ കേസില്‍ പ്രതിയാക്കണമെന്ന ആവശ്യം, ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
ലൈംഗികവീഡിയോകള്‍ മൊബൈല്‍ഫോണ്‍വഴി അപ്ലോഡ് ചെയ്യുന്നതും വാട്സാപ് വഴി പ്രചരിപ്പിക്കുന്നതും തടയുക പ്രയാസമാണെന്ന് വാദത്തിനിടയില്‍ കേന്ദ്രം ബോധിപ്പിച്ചു. കമ്പ്യൂട്ടര്വഴിയാണെങ്കില് ഉറവിടം എളുപ്പം കണ്ടുപിടിക്കാം. മൊബൈല്‍ ഫോണ്വഴിയാവുമ്പോള് കണ്ടെത്തുക പ്രയാസമാണ്.
സര്‍ക്കാറിന് നേരിട്ട് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, സൈറ്റുകളിലൂടെ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് ഒരു സംവിധാനം കൊണ്ടുവരാന്‍ ഉത്തരവു പുറപ്പെടുവിക്കണമെന്ന് ‘പ്രജ്വല’ കോടതിയോട് അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല