സ്വന്തം ലേഖകൻ: വ്യക്തികളുടെ ലൈംഗിക ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ പൊലീസിൽ അറിയിക്കണമെന്ന് കേരള പൊലിസിന്റെ അറിയിപ്പ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അറിയിക്കുന്നതിനുള്ള വാട്സാപ്പ് നമ്പറിലൂടെ തന്നെയാണ് ഈ പരാതിയും അറിയിക്കേണ്ടതെന്ന് പൊലിസ് അഭ്യര്‍ത്ഥിച്ചു. 9497980900 എന്ന നമ്പറിലാണ് പരാതി നൽകേണ്ടത്.
സ്ത്രീ-പുരുഷ ഭേദമന്യെ ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്. വാട്സാപ്പിലൂടെ ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാര്‍ഗ്ഗങ്ങളിലൂടെ പരാതി നല്‍കാം. ഈ നമ്പറിൽ നേരിട്ട് വിളിക്കാനാവില്ല. അതേസമയം, ഈ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമുള്ള പക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. തിരുവനന്തപുരത്ത് പൊലിസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോൾ സംവിധാനത്തിലൂടെ ഹണി ട്രാപ്പ് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പൊലിസ് പറയുന്നു. ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം സ്ക്രീൻ റെക്കോർഡ് ചെയ്തെടുത്തതിനുശേഷം നിങ്ങളുടെ മുഖം കൂടി ഉൾപ്പെടുത്തി നഗ്ന വീഡിയോ തയ്യാറാക്കി പണം ആവശ്യപ്പെടുകയാണ് ഇവരുടെ രീതി.
നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. ചിലർ മാനഹാനി ഭയന്ന് പണം അയച്ചുനൽകാറുണ്ട്. ഒരിക്കലും ഇത്തരം ഭീഷണികൾക്ക് വഴങ്ങാതിരിക്കുക. അപരിചിതമായ നമ്പറുകളിൽ നിന്നുള്ള വാട്ട്സാപ്പ് കാളുകൾ പരമാവധി ഒഴിവാക്കുക. ഇത്തരം നമ്പറുകൾ ബ്ലോക്ക് ചെയ്യണമെന്നും ജാഗ്രത പാലിക്കണമെന്നും പൊലിസ് മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല