സ്വന്തം ലേഖകന്‍: അസംപ്ഷന്‍ ദ്വീപിലെ ഇന്ത്യയുടെ നാവിക താവളത്തിന് അനുമതി നിഷേധിച്ച് സീഷെല്‍സ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമായ സീഷെല്‍സിന്റെ കീഴിലുള്ള അസംപ്ഷന്‍ ദ്വീപില്‍ നാവികസേനാ താവളം നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് സീഷെല്‍സ് പാര്‍ലമെന്റാണ് തടയിട്ടത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നാവിക താവളം നിര്‍മ്മിക്കാനുള്ള ശ്രമത്തിനെതിരേ പാര്‍ലമെന്റ് നിലപാടെടുത്തത്.
പദ്ധതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കില്ലെന്ന വിവരം സീഷെല്‍സിലെ വിദേശകാര്യ വകുപ്പാണ് അറിയിച്ചത്. നേരത്തെ ഇന്ത്യയുടെ നീക്കത്തിനെതിരെ പ്രദേശവാസികളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏറ്റവുമധികം ചരക്കുകപ്പലുകള്‍ കടന്നുപോകുന്ന മേഖലയില്‍ സൈനികതാവളം നിര്‍മ്മിക്കാന്‍ ഇന്ത്യയ്ക്ക് അനുവാദം നല്‍കുന്നത് രാജ്യത്തിന്റെ പരമാധികാരം അടിയറവെക്കുന്നതിന് തുല്യമാണെന്നാണ് പ്രതിപക്ഷം നിലപാടെടുത്തത്.
കഴിഞ്ഞ ജനുവരിയിലാണ് ഇരുരാജ്യങ്ങളും നാവികസേനാ താവളം സ്ഥാപിക്കുന്നത് സംബന്ധിച്ച കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ സീഷെല്‍സ് പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിനാണ് മേല്‍കൈ. ഈ സാഹചര്യത്തില്‍ കരാറിന് അംഗീകാരം നേടിയെടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജിബൂത്തിയില്‍ ചൈന നാവികതാവളം തുറന്നതിനെ തുടര്‍ന്നാണ് മേഖലയിലെ ചൈനീസ് നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സീഷെല്‍സില്‍ സൈനിക താവളം സ്ഥാപിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല