പാശ്ചാത്യ ജീവിതശൈലി പിന്തുടരുന്നുവെന്ന് ആരോപിച്ച് ഭര്‍ത്താവാണ് തന്റെ മകളെ കൊന്നതെന്ന് ഷഫീലയുടെ മാതാവ് ഫര്‍സാന അഹമ്മദ്. കഴിഞ്ഞദിവസമാണ് വിചാരണക്കിടെ ഫര്‍സാന നാടകീയമായി നിലപാട് മാറ്റിയത്. ഷഫീലയുടെ വസ്ത്രധാരണത്തെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഫര്‍സാന മൊഴിനല്‍കി. തടയാന്‍ ചെന്ന തന്നേയും ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നും ഭയന്നുപോയ മറ്റ് കുട്ടികളുമായി താന്‍ മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്നുവെന്നും ഫര്‍സാന പറഞ്ഞു.
മകളെ അവസാനമായി കണ്ടദിവസം വീട്ടില്‍ എന്താണ് നടന്നതെന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് ഫര്‍സാന നാടകീയമായി മൊഴി മാറ്റിയത്. ഷഫീലയെ മര്‍ദ്ദിക്കുന്നത് കേട്ടാണ് ഞാന്‍ അടുക്കളയില്‍ നിന്ന് ഓടി വരുന്നത്. വരുമ്പോള്‍ ഇഫ്തിക്കര്‍ ഷഫീലയെ മുഖത്തും ശരീരത്തും ശക്തിയായി മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. തടയാന്‍ ശ്രമിച്ച എന്നെ രണ്ട് കൈകൊണ്ടും ശക്തിയായി തളളിമാറ്റി. അപ്പോള്‍ വീട്ടില്‍ തങ്ങളുടെ മൂന്നാമത്തെ മകളായ മെവിഷ് മാത്രമേ ഉണ്ടായിരുന്നുളളു. ഭയന്നുപോയ മെവിഷുമായി താന്‍ മുകളിലെ മുറിയില്‍ കയറി വാതിലടച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ കാറ് പോകുന്ന ശബ്ദം കേട്ടു. താഴേക്ക് വന്നപ്പോള്‍ ഷഫീലയേയും കണ്ടില്ല. ഷഫീലയുമായി ഇഫ്തിക്കര്‍ എവിടെയോ പോയതാണന്നാണ് ഞാന്‍ കരുതിയത് – ഫര്‍സാന പറഞ്ഞു.
പിറ്റേദിവസമാണ് ഇഫ്തിക്കര്‍ മടങ്ങിവന്നത്. മകളെവിടെയെന്ന ചോദ്യത്തിന് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ എല്ലാത്തിനേയും കൊന്നുകളയുമെന്നായിരുന്നു ഇഫ്തിക്കറിന്റെ മറുപടി പിറ്റേദിവസവും ഇതേ ചോദ്യം ചോദിച്ച എന്നോട് മകളുടെ ഗതി തന്നെയാകും നിനക്കും മറ്റുമക്കള്‍ക്കും വരുക എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ഫര്‍സാന കുറ്റപ്പെടുത്തി. അപ്പോഴും മകളെ സുരക്ഷിതമായി മറ്റെവിടേക്കെങ്കിലും മാറ്റിയിട്ടുണ്ടാകുമെന്നാണ് താന്‍ കരുതിയതെന്നും അല്ലാതെ കൊന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ഫര്‍സാന കോടതിയെ ബോധിപ്പിച്ചു.
2003 സെപ്റ്റംബര്‍ 11 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എന്നാല്‍ മകള്‍ വീട്ടില്‍ നിന്ന് ഓടിപ്പോയതായാണ് കുടുംബം പോലീസില്‍ പരാതി നല്‍കുന്നത്. പിന്നീട് ഒരു നദിക്കരയില്‍ നിന്ന് ഷഫീലയുടെ മൃതദേഹം കണ്ടെത്തി. 201ല്‍ ഷഫീലയുടെ സഹോദരി അലീഷ മറ്റൊരു കേസില്‍ അറസ്റ്റിലാകുന്നതോടെയാണ് കൊലപാതകത്തില്‍ മാതാപിതാക്കളുടെ പങ്ക് വെളിച്ചത്ത് വരുന്നത്. ഷഫീലയെ മാതാപിതാക്കള്‍ ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അലീഷയുടെ മൊഴി. എന്നാല്‍ മറ്റ് കുട്ടികള്‍ മാതാപിതാക്കള്‍ക്ക് അനുകൂലമായാണ് മൊഴിനല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല