ലണ്ടന്‍ : ഷഫീലയുടെ പിതാവ് ഇഫ്തിക്കര്‍ അഹമ്മദ് തന്റെ ആദ്യ ഭാര്യയേയും മകനേയും വഞ്ചിച്ചതായി റിപ്പോര്‍ട്ടുകള്‍. ആദ്യ ഭാര്യയും മകനും ഉളളപ്പോള്‍ തന്നെ ഇപ്പോഴത്തെ ഭാര്യയായ ഫര്‍സാനയെ വിവാഹം ചെയ്യുകയായിരുന്നു ഇയാള്‍. പാശ്ചാത്യ ജീവിത ശൈലി പിന്തുടരുന്നു എന്ന് ആരോപിച്ച് മകളെ കൊലപ്പെടുത്തിയ ഇഫ്തിക്കര്‍ ഒരു കാലത്ത് പാശ്ചാത്യജീവിത ശൈലിയുടെ കടുത്ത ആരാധകനായിരുന്നുവെന്നും വെളളക്കാരികളായ ഗേള്‍ഫ്രണ്ട്‌സുമായി സ്ഥിരമായി ഡേറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും ഇറുകിയ ജീന്‍സും മറ്റും ധരിച്ച് ഡിസ്‌കോകളില്‍ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും ഇഫ്തിക്കറിന്റെ ആദ്യഭാര്യയും ഡാനിഷ് വംശജയുമായ വിവി ലോണ്‍ ആന്‍ഡേഴ്‌സണ്‍ വെളിപ്പെടുത്തി.
1980ല്‍ കോപന്‍ഹേഗനില്‍ വച്ചാണ് ഇഫ്തിക്കര്‍ വിവിയെ വിവാഹം കഴിക്കുന്നത്. അന്നത്തെ ഇഫ്തിക്കര്‍ ഏറെ മാറിപ്പോയതായും വിവി ഓര്‍മ്മിക്കുന്നു. രൂപത്തിലോ സ്വഭാവത്തിലോ ഒരു സാദൃശ്യവുമില്ല. ലോകത്തെ തന്നെ ഏറ്റവും ലിബറലായ ഭര്‍ത്താവായിരുന്നു ഇഫ്തിക്കര്‍. ഒരു കാര്യത്തിലും നിയന്ത്രണമേര്‍പ്പെടുത്തുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല. മൂന്ന് വയസ്സായ മകന്‍ ടോണിയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു- വിവി പറഞ്ഞു. മകന് മൂന്ന വയസ്സുളളപ്പോള്‍ മരണാസന്നയായ മാതാവിനെ കാണാന്‍ പാകിസ്ഥാനിലേക്ക് പോയ ഇഫ്തിക്കര്‍ ബന്ധുക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഫര്‍സാനയെ വിവാഹം കഴിക്കുകയായിരുന്നു. കോപന്‍ഹേഗനിലായിരുന്ന വിവിയും മകനും സംഭവത്തെകുറിച്ച് അറിഞ്ഞിരുന്നില്ല. പിന്നീട് ഇഫ്തിക്കറും കുടുംബവും ബ്രിട്ടനിലേക്ക് താമസം മാറുകയാണന്ന് വിവിയെ വിളിച്ചറിയിച്ചു.
ബ്രിട്ടനിലെ ബ്രാഡ്‌ഫോര്‍ഡില്‍ വച്ചാണ് പിന്നീട് വിവിയും ഇഫ്തിക്കറും കണ്ടുമുട്ടുന്നത്. അപ്പോഴേക്കും ഫര്‍സാന ഗര്‍ഭിണിയായിരുന്നു. തന്റെ ഭാര്യയാണ് ഇതെന്ന് ഇഫ്തിക്കര്‍ ഫര്‍സാനയെ കുറിച്ച് പരിചയപ്പെടുത്തിയപ്പോള്‍ താന്‍ സ്തബ്ദയായി പോയെന്ന് വിവി ഓര്‍മ്മിച്ചു. പിന്നീട് മകനുമായി കോപന്‍ഹേഗനിലേക്ക് മടങ്ങുമ്പോള്‍ ഇഫ്തിക്കര്‍ തന്നെ തടഞ്ഞില്ലന്നും പോലീസില്‍ പരാതി പെടരുതെന്ന് അപേക്ഷിക്കുക മാത്രമാണ് ചെയതതെന്നും വിവി പറഞ്ഞു. പിന്നീട് തനിക്കൊരു കുട്ടി ജനിച്ചു എന്ന് അറിയിക്കാന്‍ ഇഫ്തിക്കര്‍ വിളിച്ചിരുന്നു. അതായിരുന്നു തങ്ങള്‍ തമ്മിലുളള അവസാനത്തെ സംഭാഷണമെന്ന് വിവി പറഞ്ഞു. പിന്നീട് ഡിവോഴ്‌സ് ആവശ്യപ്പെട്ട് വിവി വക്കീല്‍നോട്ടീസ് അയച്ചിരുന്നു. അപ്പോള്‍ മകന് ചെലവിന് നല്‍കാമെന്ന് സമ്മതിച്ചിരുന്നെങ്കിലും ഇന്ന് വരെ ഇഫ്തിക്കര്‍ വിളിക്കുകയോ മകന് ചെലവിന് തരുകയോ ചെയ്തിട്ടില്ലെന്ന് വിവി വെളിപ്പെടുത്തി.
ജീവിതത്തില്‍ പിന്നീടൊരിക്കലും ഞങ്ങള്‍ അയാളെ കാണാന്‍ ശ്രമിച്ചിട്ടില്ല – വിവി പറഞ്ഞു. സ്‌നേഹം കൊണ്ട് അയാള്‍ തിരഞ്ഞെടുത്ത ഭാര്യയും മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി തിരഞ്ഞെടുത്ത ഭാര്യയും തമ്മിലൊരു മത്സരത്തിന് ഞാന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ ഒരാള്‍ക്കെങ്ങനെ ഇത്രത്തോളം മാറാനാകുമെന്ന് വിവി അത്ഭുതപ്പെട്ടു. ഡിസ്‌കോയെ ഇഷ്ടപ്പെട്ടിരുന്ന, പെണ്‍കുട്ടികള്‍ ബസര്‍ എന്ന ഓമനപേരിട്ട് വിളിച്ചിരുന്ന ഇഫ്തിക്കര്‍ യാഥാസ്ഥിതിക ജീവിതം നയിച്ചില്ലെന്ന് ആരോപിച്ച് സ്വന്തം മകളെ കൊന്നുകളഞ്ഞുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും വിവി പറഞ്ഞു. മകളുടെ കൊലപാതകത്തില്‍ തന്നെ സംശയി്ക്കാതിരിക്കാന്‍ തന്റെ പൂര്‍വ്വകാല ചരിത്രം ഇഫ്തിക്കര്‍ പോലീസില്‍ നിന്ന് മറച്ചുവെച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല