1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2017

സ്വന്തം ലേഖകന്‍: നവാസ് ഷെരീഫിന് പകരക്കാരനായി ഷാഹിദ് ഖാന്‍ അബ്ബാസി, പാകിസ്താന് 18 മത്തെ പ്രധാനമന്ത്രി. മുന്‍ പെട്രോളിയം മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഷാഹിദ് ഖാന്‍ അബ്ബാസിയ്ക്ക് അനുകൂലമായി 342 അംഗ നാഷണല്‍ അസംബ്‌ളിയില്‍ 221 പേര്‍ വോട്ടു ചെയ്തു. പ്രതിപക്ഷത്തിനു സംയുക്ത സ്ഥാനാര്‍ഥിയില്ലാത്തതും അബ്ബാസിയ്ക്ക് തുണയായി. നേരത്തെ നവാസ് ഷെരീഫിന്റെ ഇളയ സഹോദരന്‍ ഷഹബാസ് ഷരീഫ് നവാസിന്റെ പിന്‍ഗാമിയാകുമെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഷെരീഫിന്റെ രാജിയെത്തുടര്‍ന്ന് പാകിസ്താന്റെ ഇടക്കാല പ്രധാനമന്ത്രിയായി ഷാഹിദ് ഖാന്‍ അബ്ബാസി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവില്‍ പഞ്ചാബ് മുഖ്യമന്ത്രിയായ ഷഹബാസ് ഷെരീഫിന് പ്രധാനമമന്ത്രിപദം ഏറ്റെടുക്കുന്നതിന് നിയമപരമായ തടസ്സങ്ങള്‍ ഉള്ളതിനാല്‍ വീണ്ടും അബ്ബാസി തന്നെ തെരഞ്ഞെടുക്കപ്പെട്ടു. പാനമ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി നവാസ് ഷെരീഫിനെ അയോഗ്യനാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഷെരീഫ് രാജി വെച്ചത്.

അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയായിരിക്കുമെന്നും 45 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പു നടത്തി സഹോദരനും പാക് പഞ്ചാബ് മുഖ്യനുമായ ഷഹബാസിനെ അധികാരമേല്പിക്കുമെന്നും നേരത്തെ നവാസ് ഷരീഫ് വ്യക്തമാക്കിയിരുന്നു. നാല്പത്തഞ്ചു ദിവസമോ നാല്പത്തഞ്ചു മണിക്കൂറോ എന്നു നോക്കാതെ പ്രധാനമന്ത്രിയുടെ ചുമതല നിര്‍വഹിക്കുമെന്നു അബ്ബാസി പറഞ്ഞു. തനിക്ക് വോട്ടു ചെയ്ത എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ദിവസേന തനിക്ക് എതിരേ പുലഭ്യം പറയുന്നതിന് ഇമ്രാന്‍ഖാനോടും നന്ദിയുണ്ടെന്ന് അബ്ബാസി കൂട്ടിച്ചേര്‍ത്തു.

1990 കളില്‍ പാക് പ്രധാനമന്ത്രിയായിരിക്കെ ഷെരീഫ് നടത്തിയ സാമ്പത്തിക അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. കേസില്‍ ഷെരീഫ് കുറ്റക്കാരനാണെന്നു കണ്ടെതത്തിയ കോടതി അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഷെരീഫ് രാജി വെയ്ക്കുകയും ചെയ്തു. കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് പാകിസ്താനിലെ തെഹ്രീകെ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ നല്‍കിയ പരാതിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.