സ്വന്തം ലേഖകന്‍: മതിയായി, രാഷ്ട്രീയം, മതം എന്നീ വിഷയങ്ങള്‍ക്കു വേണ്ടി ഇനി വാ തുറക്കില്ലെന്ന് ഷാരൂഖ് ഖാന്‍. അഭിപ്രായം പറയാന്‍ വാ തുറക്കാന്‍ പോലും പേടിയാണെന്നും തന്നെ വെറുതെ വിട്ടേക്കൂ എന്നും കിങ് ഖാന്‍ പറഞ്ഞു. പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീതക്കച്ചേരി മുംബൈയില്‍ റദ്ദാക്കിയതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷാരൂഖ്.
എന്നാല്‍, തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നാണ് ചോദ്യത്തിന് മറുപടിയായി ഷാരൂഖ് പറഞ്ഞത്. ഇനിമുതല്‍ രാഷ്ട്രീയം, മതം എന്നീ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ തന്നെ കിട്ടില്ലെന്നും താരം പറഞ്ഞു.
ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചു വരികയാണെന്നുള്ള അഭിപ്രായം പറഞ്ഞതിന് ഷാരൂഖിന് കനത്ത വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്ത് ഉണ്ടെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇനി ഇത്തരം ചോദ്യങ്ങളുമായി തന്റെ മുന്നില്‍ വരരുതെന്നും താരം കൂട്ടിച്ചേര്‍ത്തു. അസഹിഷ്ണുത വിവാദം ഷാരൂഖിന്റെ സിനിമ ദില്‍വാലെയുടെ പ്രകടനത്തെ ബാധിച്ചു. ബോക്‌സോഫീസില്‍ വേണ്ടത്ര കളക്ഷന്‍ ചിത്രത്തിന് നേടാന്‍ കഴിയാത്തത്തില്‍ നിരാശയുണ്ടെന്നും താരം പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല