ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ലോകമെങ്ങും എത്തിച്ച, വാക്ക വാക്ക എന്ന ഗാനം പാടി പോപ്പ് താരം ഷക്കീറയെ നീര്‍നായ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയിലെ കേപ്പ്ടൗണ്‍ ബീച്ചിലായിരുന്നു സംഭവം. മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു നീര്‍നായ കുതിച്ചുചാടി ഷക്കീറയുടെ കൈയില്‍ കടിച്ചത്. ഷക്കീറയുടെ സഹോദരന്റെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് രക്ഷപ്പെട്ടത്.
സ്വന്തം ബ്ളോഗിലൂടെ ഷാക്കിറ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് ഷക്കീറ പറയുന്നത് ഇങ്ങനെ, കഴിഞ്ഞദിവസം ഉച്ചയ്ക്ക് ശേഷമാണ് ഞങ്ങള്‍ ബീച്ചിലെത്തിയത്. അവിടെയെത്തുമ്പോള്‍ നിരവധി നീര് നായ്ക്കള്‍ ഉണ്ടായിരുന്നു. നല്ല രസമായിരുന്നു അവയെ കാണാന്‍. അങ്ങനെയാണ് എന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പെട്ടെന്ന് അതില്‍ ഒരെണ്ണം ശബ്ദമുണ്ടാക്കിക്കൊണ്ട് എന്റെ നേരെ ചീറിയടുക്കുകയായിരുന്നു. പിന്തിരിയുന്നതിന് മുമ്പ് തന്നെ അത് എന്റെ കൈയില്‍ കടിച്ചു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന സഹോദരന് എന്നെ പിടിച്ചുവലിച്ചതിനാല് നീര്‍നായ പിന്മാറുകയായിരുന്നു – ഷക്കീറ പറഞ്ഞു.
ശരിക്കും ഭയപ്പെട്ടുപോയ നിമിഷങ്ങളായിരുന്നു അതെന്നും ഷക്കീറ പറഞ്ഞു. എന്നാല്‍ തന്റെ ബ്ളാക്ക്ബറി ഫോണ്‍ മല്‍സ്യമാണെന്ന് കരുതിയാകും നീര്‍നായ കൈയില്‍ കടിച്ചതെന്നാണ് ഷക്കീറ പറയുന്നത്. പണ്ടുമുതല്ക്കേ മൃഗങ്ങളെ വളരെയധികം സ്നേഹിക്കുന്ന കൂട്ടത്തിലാണ് ഷക്കീറ. വംശനാശം നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സന്നദ്ധസംഘടനകള്‍ക്ക് സാമ്പത്തികസഹായം നേടുന്നതിനുവേണ്ടി ഷക്കീറ നിരവധി സംഗീതപരിപാടികള്‍ നടത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല