സ്വന്തം ലേഖകൻ: ഐ.എസ് വധു ഷമീമ ബീഗത്തിന് ബ്രിട്ടനിലേക്ക് മടങ്ങാൻ അനുമതി നിഷേധിച്ച് സുപ്രീം കോടതി. തൻ്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ നിയമ പോരാട്ടം നടത്താൻ ബ്രിട്ടനിലേക്ക് വരുന്നതിന് ബീഗത്തിന് അനുമതി നൽകാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അഞ്ച് ജഡ്ജിമാർ അടങ്ങുന്ന സുപ്രീം കോടതി ബഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്തവിച്ചത്.
ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർക്കൊപ്പം ചേരാൻ 15 വയസുള്ളപ്പോഴാണ് ഷമീമ ബീഗം സുഹൃത്തുക്കളോടൊപ്പം ബ്രിട്ടൻ വിട്ടത്. ഇപ്പോൾ 21 വയസ്സുള്ള ഷമീമ ഉൾപ്പെടെയുള്ള കിഴക്കൻ ലണ്ടനിലെ ബെത്‌നാൽ ഗ്രീനിൽ നിന്നുള്ള മൂന്ന് സ്‌കൂൾ വിദ്യാർത്ഥിനികൾ രാജ്യം വിട്ടത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
തുടർന്ന് 2019 ഫെബ്രുവരിയിൽ ഒരു സിറിയൻ അഭയാർഥി ക്യാമ്പിൽ ഒമ്പത് മാസം ഗർഭിണിയായ നിലയിൽ ഷമീമയെ കണ്ടെത്തുകയായിരുന്നു. തൊട്ടുപിന്നാലെ അവരുടെ ബ്രിട്ടീഷ് പൗരത്വം ദേശീയ സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കുന്നതായി ബ്രിട്ടൻ പ്രഖ്യാപിച്ചു. ഇതിനകം രണ്ട് കുട്ടികളെ നഷ്ടപ്പെട്ട ഷമീമയുടെ മൂന്നാത്തെ കുട്ടി ജനിച്ച് താമസിയാതെ മരിച്ചു.
തന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയ ആഭ്യന്തര കാര്യാലയത്തിന്റെ തീരുമാനത്തെ ബീഗം ചോദ്യം ചെയ്യുകയും നിയമ പോരാട്ടത്തിനായി യുകെയിലേക്ക് മടങ്ങാൻ അനുവദിക്കുണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടക്കത്തിൽ, കേസിനെതിരെ പോരാടാൻ ഷമീമയെ ബ്രിട്ടനിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന നിലപാടിലായിരുന്നു അപ്പീൽ കോടതി.
എന്നാൽ നവംബറിൽ ആഭ്യന്തര കാര്യാലയം അതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഷമീമയെ യുകെയിലേക്ക് മടങ്ങാൻ അനുവദിക്കുന്നത് “ദേശീയ സുരക്ഷയ്ക്ക് അപകടമാണെന്നും“ അത് പൊതുജനങ്ങളെ “തീവ്രവാദ ഭീഷണി“യുടെ നിഴലിലാക്കുമെന്നും മന്ത്രാലയം വാദിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം വടക്കൻ സിറിയയിലെ സായുധ ഗാർഡുകളുടെ നിയന്ത്രണത്തിലുള്ള ഒരു ക്യാമ്പിൽ അഭയാർഥിയായി കഴിയുകയാണ് ബീഗം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല