സ്വന്തം ലേഖകൻ: ഗണേഷ് കുമാറിനെതിരേ രൂക്ഷവിമര്‍ശനവുമായി ഷമ്മി തിലകന്‍. സംഘടനയ്‌ക്കെതിരേ ഗണേഷ് കുമാര്‍ നടത്തിയ വിമര്‍ശനത്തിന്റെ പകുതി പോലും താന്‍ ചെയ്തിട്ടില്ലെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. താരസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഷമ്മി തിലകനോട് യോജിക്കുന്നുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇത് തിലകന്റെ വിഷയമല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. തന്റെ അച്ഛന്‍ തിലകനോടുള്ള ദേഷ്യത്തിന്റെ പേരില്‍ തന്നെയും വേട്ടയാടിയ വ്യക്തിയാണ് ഗണേഷ് കുമാറെന്ന് ഷമ്മി തിലകന്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ വീട്ടിന് 10 മീറ്റര്‍ അകലെയായി ഒരു കെട്ടിടമുണ്ടായിരുന്നു. പൂര്‍ണമായും നിയമവിരുദ്ധമായ കെട്ടിടമായിരുന്നു അത്. അതിനെതിരേ ഞാന്‍ പരാതി കൊടുത്തു. അവര്‍ ഗുണ്ട മാഫിയയയാണ് പ്രവര്‍ത്തിച്ചത്. എന്റെ അച്ഛനെതിരേ പോലും അവര്‍ പരാതി നല്‍കി. അതിനെതിരേ ഗണേഷ് കുമാറിന്റെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്‍ എനിക്കെതിരേ കേസെടുത്തു. ഞാന്‍ നിയമപോരാട്ടം നടത്തി പുനരന്വേഷണം നടത്തിയാണ് നീതി നേടിയത്.
എന്നിട്ടാണോ ഗണേഷ് കുമാര്‍ വലിയ വര്‍ത്തമാനം പറയുന്നത്. അച്ഛന്‍ എഴുകോണത്ത് പ്രസംഗിക്കാന്‍ പോയപ്പോള്‍ ഗുണ്ടകളെ വിട്ട് തല്ലിക്കാന്‍ ശ്രമിച്ചയാളാണ് ഗണേഷ് കുമാര്‍. അമ്മ മാഫിയ സംഘമാണെന്ന് പറഞ്ഞയാള്‍ ഗണേഷ് കുമാറാണ്. അപ്പപ്പോള്‍ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങള്‍ എന്ന് പറഞ്ഞതും ഗണേഷ് കുമാറാണ്.
അനിതീ എവിടെയാണോ അതിനെതിരേയായിരുന്നു യുദ്ധം. സംഘടനക്കുള്ളില്‍ തന്നെയാണ് പ്രതികരിച്ചത്. അപ്പപ്പോള്‍ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങള്‍ എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പോയിട്ടില്ല. എന്റെ അച്ഛന് വേണ്ടിയും, പൊതുവേ നടക്കുന്ന അനിതീയ്ക്കുമെതിരേയാണ് ശബ്ദമുയര്‍ത്തിയത്. സംഘടനയിലെ ചില പുഴുക്കുത്തുകള്‍ക്കെതിരേ ഞാന്‍ രംഗത്ത് വന്നിട്ടുണ്ട്. എല്ലാത്തിനും ഞാന്‍ കത്തയിച്ചിട്ടുണ്ട്.
അതിന്റെയെല്ലാം തെളിവുകള്‍ എന്റെ പക്കലുണ്ട്. എന്റെ അച്ഛനോട് കാണിച്ച അനീതിക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുന്‍പ് പെരുമാറ്റച്ചട്ടം ലംഘിച്ച് അംഗങ്ങളെ സ്വാധീനിക്കാന്‍ കൈനീട്ടം നല്‍കിയതിനെതിരേ പരാതി നല്‍കിയിട്ടുണ്ട്. തെറ്റല്ലേ അത്? അങ്ങനെയാണ് കാലാകാലങ്ങളായി ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുന്നവര്‍ ചെയ്യുന്നത്.
അതോടോപ്പം ‘അമ്മ’യുടെ ജനറൽ ബോഡി നടന്നപ്പോൾ വിഡിയോ എടുത്തു പുറത്തു വിട്ടുവെന്ന ആരോപണം ശരിയാണെന്നു തെളിയിച്ചാൽ പകുതി മീശ വടിക്കുമെന്ന് ഷമ്മി തിലകൻ. ജനറൽ ബോഡി നടന്നപ്പോൾ വിഡിയോയും ഫോട്ടോകളും എടുത്തിരുന്നു, പക്ഷേ പുറത്തു വിട്ടിട്ടില്ല. ഞാൻ ഉന്നയിച്ച ഒരു പ്രധാനപ്പെട്ട വിഷയം ചർച്ചയിൽ വന്നതുകൊണ്ടാണ് വിഡിയോ ഷൂട്ട് ചെയ്തതെന്ന് പത്രസമ്മേളനത്തിനിടെ ഷമ്മി വ്യക്തമാക്കി
‘‘ജനറൽ ബോഡി നടന്നപ്പോൾ അവിടെയുള്ള കാര്യങ്ങളുടെ വിഡിയോ ഷൂട്ട് ചെയ്തു പുറത്തുവിട്ടെന്നുള്ള ആരോപണം തെളിയിച്ചാൽ പകുതി മീശ വടിച്ചു കളയാം എന്ന് ഞാൻ പറയുകയാണ്. എനിക്കയച്ച കുറ്റപത്രത്തിൽ സാദിക്ക് എന്ന നടൻ ആരോപിച്ചിരിക്കുന്നത് ഞാൻ ഫെയ്സ്‌ബുക്കിൽ അത്തരമൊരു വിഡിയോ പോസ്റ്റ് ചെയ്‌തെന്നും സാദിക്കിന് അത് ആരോ അയച്ചുകൊടുത്തു എന്നുമാണ്. അയച്ചുകൊടുത്തെങ്കിൽ അദ്ദേഹം അത് പുറത്തു വിടട്ടെ. അപ്പൊ നോക്കാം. പറയുമ്പോൾ സൂക്ഷിച്ചു പറയണം.
ഞാൻ വിഡിയോ എടുത്തിട്ടുണ്ട്, പക്ഷേ പുറത്തു വിട്ടിട്ടില്ല. കൂടുതലും ഞാൻ എടുത്തത് ഫോട്ടോസ് ആണ്. എനിക്ക് വിഡിയോ ഷൂട്ട് ചെയ്യണം എന്ന ഉദ്ദേശമൊന്നും ഇല്ലായിരുന്നു. പക്ഷേ അവിടെ സംഘടനയിൽ ഞാൻ ഉന്നയിച്ച ഒരു പ്രധാനപ്പെട്ട വിഷയം ഉണ്ടായിരുന്നു. ഞങ്ങളുടെ ബൈലോയുടെ ഭേദഗതിയെക്കുറിച്ചായിരുന്നു അത്. അതുകൊണ്ടാണ് അക്കാര്യം ചർച്ച ചെയ്യുന്ന സമയത്ത് വിഡിയോ എടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല