സ്വന്തം ലേഖകന്‍: ‘ഒരിക്കല്‍ സിനിമ വിടാന്‍ തീരുമാനിച്ചു’, വേദിയില്‍ പൊട്ടിക്കരഞ്ഞ് ഷംനാ കാസീം. മിഷ്‌കിന്‍ നിര്‍മ്മിക്കുന്ന തമിഴ് ചിത്രമായ സവരക്കത്തിയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ഷംന വികാരഭരിതയായത്. പൊട്ടിക്കരഞ്ഞ് സംസാരിക്കുന്ന ഷംനയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കങ്കയും ചെയ്തു.
തമിഴില്‍ ഭരതിനൊപ്പം ചെയ്ത സിനിമയ്ക്ക് അഭിനന്ദനങ്ങള്‍ ലഭിച്ചു. പക്ഷേ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ഭാഗ്യമില്ലാതെ പോയി. സവരക്കത്തിയിലേക്ക് വിളിച്ച ദിവസം രാത്രി ഉറങ്ങിയില്ലെന്നും ഷംന പറഞ്ഞു. പൊതുവേദിയില്‍ ഞാനൊരു നര്‍ത്തകിയാണ്. കേരളത്തില്‍ ജനിച്ച് വളര്‍ന്ന പെണ്‍കുട്ടി. സിനിമയില്‍ വരണം അഭിനയിക്കണം എന്നൊന്നുമുള്ള ചിന്തയേ ഉണ്ടായിരുന്നില്ല.
പക്ഷെ സിനിമയില്‍ എത്തി. എന്നാല്‍ പടം ഹിറ്റായാല്‍ മാത്രമേ നായികമാര്‍ക്ക് മുന്നേറാന്‍ കഴിയൂയെന്ന് മനസിലായി. കഴിവ് മാത്രം പോര. അതിന് ശേഷവും സിനിമകള്‍ ചെയ്തു. പക്ഷെ ഭാഗ്യമില്ലാതെ പോയി. അതോടെ സിനിമ വേണ്ട എന്ന തീരുമാനമെടുത്തെന്നും ഷംന പറയുന്നു. അങ്ങനെ ഡാന്‍സിലേക്ക് മാത്രം ശ്രദ്ധ കൊടുക്കാന്‍ തീരുമാനിച്ച സമയത്താണ് തെലുങ്കില്‍ ഒരു സിനിമ ഹിറ്റായത്.
പിന്നീട് തമിഴില്‍ നല്ല സിനിമകള്‍ക്കായി അവസരം കാത്തിരിക്കുകയായിരുന്നു. കഴിവുള്ള നടി എന്ന് അറിയപ്പെടാനാണ് തനിക്കാഗ്രഹമെന്നും ഷംന പറയുന്നു. താനൊരു നടിയാകണം എന്നാഗ്രഹിച്ചത് അമ്മയാണെന്നു പറഞ്ഞ ഷംന സവരക്കത്തിയുടെ ടീസര്‍ കാണുമ്പോള്‍ അമ്മ കരയുന്നുണ്ടായിരുന്നു എന്നും പറഞ്ഞു.
ഒരു മുസ്ലീം പെണ്‍കുട്ടിയായ തനിക്ക് ഇത്രയും പിന്തുണ നല്‍കി മുന്നോട്ട് കൊണ്ടുവന്നതിന് അമ്മയ്ക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ട് ഷംന കരയുകയായിരുന്നു. മിഷ്‌കിന്‍ കഥയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി.ആര്‍.ആദിത്യയാണ്. മിഷ്‌കിനും റാമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല