സ്വന്തം ലേഖകൻ: തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്ന് നടൻ ഷെയ്ൻ നിഗം. റേഡിയോ ചാനലായ റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് ഷെയ്ൻ ഇക്കാര്യം വ്യക്തമാക്കിയത്.
പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ ഉറപ്പായിട്ടും ഞാൻ മാപ്പ് പറയും. പരസ്യമായിട്ട് പറയും. മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമാണെങ്കിൽ മാപ്പ് പറഞ്ഞേക്കാം എന്നായിരുന്നു ഷെയ്ൻ നിഗത്തിന്റെ മറുപടി.
അതേസമയം, മുടങ്ങിക്കിടക്കുന്ന സിനിമകൾ പൂർത്തിയാക്കാതെ ഷെയ്ൻ നിഗമുമായി സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണവും ഉല്ലാസത്തിന്‍റെ ഡബ്ബിംഗും പൂർത്തിയാക്കാതെ പുതിയ സിനിമകളുമായി സഹകരിക്കില്ല. ഷെയ്ൻ നൽകുന്ന ഉറപ്പ് ഉൾക്കൊള്ളാനാകില്ലെന്നും വിഷയത്തിൽ താരസംഘടനയായ അമ്മ ഉറപ്പ് നൽകണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് എം രഞ്ജിത് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാൻ നിർമ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെ ഖേദ പ്രകടനവുമായി ഷെയ്ൻ രംഗത്തെത്തിയിരുന്നു. പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിർമ്മാതാക്കൾ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല