സ്വന്തം ലേഖകൻ: സിനിമാസെറ്റിലെ ലഹരി ഉപയോഗം ഗൗരവകരമായി പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. സെറ്റില്‍ ഇത്തരമൊരു പ്രവണതയുണ്ടെന്ന് എന്തുകൊണ്ട് നേരത്തെ അറിയിച്ചില്ലെന്നും മന്ത്രി ചോദിച്ചു. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും മേഖലയാണ് സിനിമാമേഖലയെന്ന് നിര്‍മാതാക്കളുടെ ഒരു വക്താവ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ എല്ലാ യൂണിറ്റുകളിലും പോലീസ് പരിശോധന ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമാമേഖല എത്രമാത്രം അധഃപതിച്ചുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്. എന്തുകൊണ്ട് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്നും മന്ത്രി ചോദിച്ചു.
കഴിഞ്ഞ ദിവസം മലയാള സിനിമാനിര്‍മ്മാതാക്കളുടെ സംഘടന കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിനിടയിലാണ് യുവതാരങ്ങള്‍ക്കിടയില്‍ അമിത മയക്കുമരുന്നുപയോഗമുണ്ടെന്ന ആരോപണമുയര്‍ന്നത്. പുതിയ തലമുറയിലെ എല്ലാവരുമല്ലെന്നും, എന്നാല്‍ ചിലര്‍ അതിനു അടിമകളാണെന്നുമാണ് നിര്‍മ്മാതാക്കള്‍ ആരോപിച്ചിരുന്നത്.
എന്തുകൊണ്ടാണ് പോലീസ് നടപടി എടുക്കാത്തതെന്നും നിര്‍മ്മാതാക്കള്‍ വാര്‍ത്താ സമ്മേളനത്തിനിടയില്‍ ചോദിച്ചിരുന്നു. അസോസിയേഷന്‍ നേതാക്കളായ സിയാദ് കോക്കര്‍, എം. രഞ്ജിത്ത് തുടങ്ങിയവര്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത ഈ വാര്‍ത്താസമ്മേളനത്തിലാണ് നടന്‍ ഷെയിന്‍ നിഗമിനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
ഷെയ്ന്‍ നിഗത്തെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് അഭിനേതാക്കളുടെ സംഘടന അമ്മ വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. പ്രശ്‌നങ്ങള്‍ അമ്മ പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്നും. സംഘടന കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും ഷെയ്‌നിന്റെ ഉമ്മ സുനില പറഞ്ഞു.
സിനിമാ ലൊക്കേഷനില്‍ ലഹരി മരുന്ന് പരിശോധന വേണമെന്ന നിര്‍മാതാക്കളുടെ ആവശ്യവും അമ്മ നേരത്തെ അംഗീകരിച്ചിരുന്നു. നിര്‍മാതാക്കള്‍ പരിശോധന ആവശ്യപ്പെട്ടാല്‍ സഹകരിക്കാന്‍ താരങ്ങള്‍ തയ്യാറാവണമെന്ന് ഇടവേള ബാബു പറഞ്ഞു. ലൊക്കേഷനിലെ അധിപന്‍ നിര്‍മാതാവാണെന്നും നിര്‍മാതാവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ താരങ്ങള്‍ ബാധ്യസ്ഥരാണെന്നും ഇടവേള ബാബു പറഞ്ഞു. താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നത് പരസ്യമായ രഹസ്യമാണെന്ന് എക്‌സിക്യൂട്ടീവ് അംഗം ബാബുരാജും പറഞ്ഞു.
അതേസമയം, സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച നിര്‍മ്മാതാക്കളുടെ പ്രതികരണം അതിവൈകാരികമാണെന്നും സെറ്റുകളിലെല്ലാം റെയ്ഡ് നടത്തുക അപ്രായോഗികമാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല