സ്വന്തം ലേഖകൻ: വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിൽ ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം വലിയ പെരുന്നാൾ തിയേറ്ററുകളിൽ എത്തുകയാണ്. അതിനിടെ പുതിയൊരു വാർത്തകൂടിയുണ്ട് ഷെയ്നിന് പറയാൻ. അഭിനയ രംഗത്തു നിന്ന് മറ്റൊരു മേഖലയിലേക്ക് കൂടി ഷെയ്ൻ ചുവടുവയ്ക്കുകയാണ്. താൻ സിനിമ നിർമിക്കുന്നു എന്നാണ് ഷെയ്നിന്റെ പുതിയ വെളിപ്പെടുത്തൽ.
മലയാള സിനിമയിൽ വളരെയധികം അനുഭവ പരിചയമുള്ള രണ്ടു നവാഗത സംവിധായകർ ഒരുക്കാൻ പോകുന്ന സിംഗിൾ, സാരമണി കോട്ട എന്നീ ചിത്രങ്ങളാണ് താൻ നിർമിക്കുന്നതെന്ന് ഓൺലുക്കേഴ്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷെയ്ൻ വ്യക്തമാക്കി. ഈ രണ്ടു ചിത്രങ്ങളിലും ഷെയ്ൻ തന്നെയാണോ നായകൻ എന്ന കാര്യം വെളിപ്പെടുത്തിയില്ല. ഏതായാലും ചിത്രങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും എന്നാണ് ഷെയ്ൻ പറയുന്നത്.
അതിനിടെ തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയിൽ നിർമാതാക്കൾക്കെതിരെ ഷെയ്ൻ നടത്തിയ പരാമർശം വിവാദമായിരുന്നു. നിർമാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്നായിരുന്നു ഷെയ്നിന്റെ മറു ചോദ്യം. എന്നാൽ ഈ മറുപടി വിവാദമാകുകയും ഷെയ്നുമായി ചർച്ചയ്ക്കില്ലെന്ന് നിർമാതാക്കൾ വ്യക്തമാക്കുകയും ചെയ്തു.
ഷെയ്‌ൻ നിഗത്തിനെതിരെ കൂടുതല്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തി. ഷെയ്‌ൻ നിഗത്തെ ഇതരഭാഷകളിലെ സിനിമകളിലും സഹകരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ഫിലിം ചേബര്‍ കത്ത് നല്‍കി. ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനാണ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ കത്ത് നല്‍കിയത്. ഇക്കാര്യം ഫിലിം ചേംബർ അധികൃതർ സ്ഥിരീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല