സ്വന്തം ലേഖകൻ: ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി തായ്‌ലൻഡ് പൊലീസ്. താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയ വില്ലയിലെ മുറിയിൽ ഉൾപ്പെടെ രക്തക്കറ കണ്ടെത്തിയതായി അവർ സ്ഥിരീകരിച്ചു. താരം താമസിച്ചിരുന്ന മുറിയിലും ഉപയോഗിച്ചിരുന്ന ബാത് ടവ്വലിലും തലയണയിലുമാണ് രക്തക്കറ കണ്ടെത്തിയതെന്ന് തായ്‌ലൻഡ് പൊലീസിനെ ഉദ്ധരിച്ച് ‘ദ് ബാങ്കോക്ക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഷെയ്ൻ വോണിന് മുൻപും നെഞ്ചു വേദന അനുഭവപ്പെട്ടിരുന്നതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. വോണിന് ആസ്തമയും ഹൃദയസംബന്ധമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. മരണത്തിനു മുൻപ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് വോൺ ഡോക്ടറെ കണ്ടിരുന്നതായും വെളിപ്പെടുത്തലുണ്ട്. താരത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനു പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ സിപിആർ നൽകിയെങ്കിലും, ഇതിനു പിന്നാലെ വോൺ ചോര ഛർദ്ദിച്ചതായും പൊലീസ് അറിയിച്ചു.
അതിനിടെ, ഹൃദയാഘാതം വന്ന് അബോധാവസ്ഥയിലാകുന്നതിനു തൊട്ടുമുൻപു വരെ ഷെയ്ൻ വോൺ പാക്കിസ്ഥാൻ–ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരം കാണുകയായിരുന്നെന്ന് വോണിന്റെ മാനേജർ ജയിംസ് എറെസ്കിൻ ഓസ്ട്രേലിയൻ മാധ്യമങ്ങളോടു പറഞ്ഞു.
‘സുഹൃത്തും ഈയിടെ വോണിനെക്കുറിച്ച് പുറത്തിറങ്ങിയ ഡോക്യുമെന്ററിയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമായ ആൻഡ്രൂ നിയോഫിറ്റോയാണ് വോണിനെ അബോധാവസ്ഥയിൽ ആദ്യം കണ്ടത്. റൂമിലെ ടെലിവിഷനിൽ അപ്പോൾ പാക്കിസ്ഥാൻ – ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരമായിരുന്നു കാണിച്ചിരുന്നത്. നേരത്തേ നിശ്ചയിച്ച ഒരു മീറ്റിങ്ങിന് വോണിനെ വിളിക്കാൻ റൂമിലേക്കു പോയതായിരുന്നു ആൻഡ്രൂ. വോൺ അബോധോവസ്ഥയിലാണെന്ന് അറിഞ്ഞ ഉടൻ ആൻഡ്രൂ പ്രാഥമിക ശുശ്രൂഷ നൽകി. പ്രതികരണമില്ല എന്നറിഞ്ഞതോടെ മറ്റുള്ളവരെ വിളിച്ച് ആശുപത്രിയിൽ വിവരമറിയിച്ചു. ശരീരഭാരം കുറയ്ക്കാനായി ഭക്ഷണ നിയന്ത്രണത്തിലായിരുന്നു വോൺ എന്നും എറെസ്കിൻ പറഞ്ഞു.
ഷെയ്ൻ വോണിന്റെ മൃതദേഹം തായ്‌ലൻഡിലെ കോ സമുയി ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലേക്കു കൊണ്ടുവരാനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ ദിവസങ്ങൾ വേണ്ടി വരുമെന്ന് ജയിംസ് എറെസ്കിൻ അറിയിച്ചു. മൃതദേഹം ഓസ്ട്രേലിയയിൽ എത്തിച്ചശേഷം മെൽബണിലായിരിക്കും സംസ്കാരം. വോണിന്റെ മൃതദേഹം ഇപ്പോഴും തായ്‌ലൻഡിലായതിനാൽ സംസ്കാര തീയതി തീരുമാനിച്ചിട്ടില്ല. ദേശീയ ബഹുമതികളോടെയായിരിക്കും വോണിന്റെ സംസ്കാരമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല