![](https://www.nrimalayalee.com/wp-content/uploads/2022/03/Shane-Warne-Death-Thai-Police-.jpg)
സ്വന്തം ലേഖകൻ: തായ്ലൻഡിൽ അവധി ആഘോഷിക്കാനായി പുറപ്പെടുന്നതിന് മുമ്പ് അന്തരിച്ച ആസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൻ കഠിനമായ ഡയറ്റിലായിരുന്നുവെന്ന് മാനേജർ വെളിപ്പെടുത്തി. രണ്ടാഴ്ച ദ്രാവകം മാത്രമുള്ള ഭക്ഷണക്രമം സ്വീകരിച്ച വോണിന് നെഞ്ചുവേദനയും അമിത വിയർപ്പ് അനുഭവപ്പെടുന്നതായി പരാതിപ്പെട്ടിരുന്നെന്ന് മാനേജർ ജെയിംസ് എസ്കിൻ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കായിക ലോകത്തെ ഞെട്ടിച്ച് 52കാരനായ വോണിന്റെ വിടവാങ്ങൽ. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിലയിരുത്തൽ. ‘അദ്ദേഹം ഇത്തരം പരിഹാസ്യമായ ഭക്ഷണക്രമങ്ങളിൽ ഏർപ്പെടുകയും ഒരെണ്ണം പൂർത്തിയാക്കുകയും ചെയ്തു. അവിടെ അദ്ദേഹം 14 ദിവസത്തേക്ക് ദ്രാവകങ്ങൾ മാത്രം കഴിച്ചു. ഇത് മൂന്നോ നാലോ തവണ ചെയ്തു’ എസ്കിൻ നയൻ നെറ്റ്വർക്കിനോട് പററഞ്ഞു.
‘അവൻ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പുകവലിച്ചിരുന്നു. എനിക്കറിയില്ല, വലിയ ഹൃദയാഘാതം മാത്രമാണ് കാരണമെന്ന് ഞാൻ കരുതുന്നു’- എസ്കിൻ കൂട്ടിച്ചേർത്തു. വോണിന്റെ മരണത്തിൽ അസ്വാഭാവികതകൾ ഇല്ലെന്ന് തായ് പൊലീസ് അറിയിച്ചിരുന്നു.
മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് ആരോഗ്യവാനായിരുന്ന കാലത്തെ ചിത്രം പങ്കുവെച്ച വോൺ ഭാരം കുറക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. തായ്ലൻഡിലെ കോ സാമുയിയിൽ സുഹൃത്തുക്കളോടൊപ്പം അവധി ആഘോഷിക്കാൻ പോയതായിരുന്നു വോൺ. സുഹൃത്തുക്കളിൽ ഒരാളാണ് വില്ലയിൽ ബോധരഹിതനായ നിലയിൽ താരത്തെ കണ്ടെത്തിയത്.
അതിനിടെ വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലൻസിൽ ‘അജ്ഞാത’യായ ജർമൻ യുവതി ദുരൂഹമായി പ്രവേശിച്ചതിനെക്കുറിച്ച് തായ്ലൻഡ് പൊലീസ് അന്വേഷണം നടത്തുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജർമൻ യുവതിയെ തായ്ലൻഡ് പൊലീസ് ചോദ്യം ചെയ്തു. വോണിന്റെ മൃതദേഹം കൊ സമുയി ദ്വീപിലെ ആശുപത്രിയിൽ നിന്നും സുറത് തനി നഗരത്തിലേക്കു കൊണ്ടുപോകുമ്പോഴാണ് ഈ ജർമൻ യുവതി ആംബുലൻസിൽ പ്രവേശിച്ചത്. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടെന്നാണ് ആക്ഷേപം.
ലെഗ് സ്പിൻ കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമായിരുന്നു ഷെയ്ൻ വോൺ. ആസ്ട്രേലിയക്കായി 145 ടെസ്റ്റിൽനിന്ന് 708 വിക്കറ്റുകൾ നേടി. ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ മുത്തയ്യ മുരളീധരന് പിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്.
ആസ്ട്രേലിയയ്ക്കായി 194 ഏകദിനങ്ങൾ കളിച്ച വോൺ 293 വിക്കറ്റുകൾ വീഴ്ത്തി. ടെസ്റ്റ് കരിയറിൽ 3,154 റൺസും ഏകദിനത്തിൽ 1,018 റൺസും നേടി. രണ്ട് ഫോർമാറ്റുകളിലുമായി 1001 വിക്കറ്റുകളാണ് വീഴ്ത്തിയത്. 1000 അന്താരാഷ്ട്ര വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യത്തെ ബൗളറാണ്.
1992ൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയ്ക്കെതിരെ ടെസ്റ്റിൽ പന്തെറിഞ്ഞാണ് വോൺ അരങ്ങേറ്റും കുറിക്കുന്നത്. 1992നും 2007നും ഇടയിൽ 15 വർഷത്തെ കരിയറിലെ സമാനതകളില്ലാത്ത നേട്ടങ്ങൾക്ക് വിസ്ഡന്റെ നൂറ്റാണ്ടിലെ അഞ്ച് ക്രിക്കറ്റ് കളിക്കാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. 2013ൽ അദ്ദേഹത്തെ ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.
1999-ൽ ആസ്ട്രേലക്കെ് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ വോൺ മുന്നിലുണ്ടായിരുന്നു. ആഷസ് പരമ്പരകളിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരവും മറ്റാരുമല്ല. 195 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഐ.പി.എല്ലിന്റെ ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്നു. ആദ്യ സീസണിൽ തന്നെ കിരീടവും ചൂടി.
കളിക്കളത്തിനകത്തും പുറത്തും ഉജ്ജ്വല വ്യക്തിത്വമുള്ള വോൺ കമന്റേറ്റർ എന്ന നിലയിലും വിജയം കണ്ടെത്തി. മത്സരങ്ങൾ കൃത്യമായി വിശകലനം ചെയ്യുന്ന വിദഗ്ധരിൽ ഒരാളായി അദ്ദേഹം പരിഗണിക്കപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല