സ്വന്തം ലേഖകന്‍: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പാക് പ്രസിഡന്റിന് കൈകൊടുത്ത് പ്രധാനമന്ത്രി മോദി. ചൈനയിലെ ചിങ്ദാവോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പാക് പ്രസിഡന്റിന് കൈകൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിന്റെ പേരില്‍ പാകിസ്താനെതിരെ ഇന്ത്യ ശക്തമായി നിലകൊള്ളുന്നതിനിടെയാണ് മോദി പാക് പ്രസിഡന്റ് മംനൂണ്‍ ഹുസൈന് ഹസ്തദാനം നല്‍കിയത്. ഇരുവരും കൈകൊടുത്ത് കുശലം പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഷാങ്ഹായി കോഓപ്പറേഷനില്‍ പൂര്‍ണാംഗമായി കരാറില്‍ ഒപ്പിട്ടതിന് ശേഷമാണ് ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ പരസ്പരം ഹസ്തദാനം നടത്തിയത്. ഭീകരവാദത്തിനെതിരായ സഹകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇത്തവണത്തെ ഉച്ചകോടിയിലെ പ്രധാന വിഷയങ്ങളിലൊന്ന്. സ്വന്തം മണ്ണില്‍ ഭീകരര്‍ക്ക് അഭയമൊരുക്കുന്നുവെന്ന് ഇന്ത്യ നിരന്തരം പാകിസ്താനെതിരെ ആരോപണമുന്നയിക്കാറുണ്ട്.
നിരവധി അന്താരാഷ്ട്ര വേദികളില്‍ ഭീകരവാദത്തിന്റെ പേരില്‍ പാകിസ്താനെ ഇന്ത്യ പ്രതികൂട്ടില്‍ നിര്‍ത്തുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിലാണ് ഊഷ്മളമായ പെരുമാറ്റം മോദിയുടെ ഭാഗത്തുനിന്നുണ്ടായത്. സ്വന്തം മണ്ണില്‍ നിന്ന് ഭീകരവാദത്തെ അവസാനിപ്പിക്കാന്‍ പാകിസ്താന്‍ തയ്യാറാകണമെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല