സ്വന്തം ലേഖകന്‍: ഇന്ത്യയ്ക്കും ചൈനക്കും ഷാങ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ സമ്പൂര്‍ണ അംഗത്വം, ഇന്ത്യയ്ക്കായി റഷ്യയും പാകിസ്താനു വേണ്ടി ചൈനയും പിന്തുണ നല്‍കി. രണ്ട് വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയ്ക്കും പാകിസ്താനും അംഗത്വം ലഭിച്ചിരിക്കുന്നത്. വിപുലീകരണത്തോടെ ലോക ജനസംഖ്യയുടെ 40 ശതമാനത്തേയും ആഗോള ജിഡിപിയുടെ 20 ശതമാനത്തേയും പ്രതിനിധീകരിക്കാന്‍ എസ്‌സിഒക്ക് കഴിയും. 2005 ലെ അസ്താന ഉച്ചകോടിക്ക് ശേഷം ഇന്ത്യയ്ക്കും പാകിസ്താനും നിരീക്ഷക പദവിയാണ് ഉണ്ടായിരുന്നത്.
‘ഇന്ത്യയും പാകിസ്താനും ഇപ്പോള്‍ എസ്‌സിഒയിലെ പുതിയ അംഗങ്ങളായിരിക്കുകയാണ്. ഇത് ഞങ്ങളെ സംബന്ധിച്ച് വളരെ സുപ്രധാനമായ നിമിഷമാണ്’. എസ്‌സിഒയുടെ നിലവിലെ അധ്യക്ഷന്‍ കൂടിയായ കസാഖിസ്ഥാന്‍ പ്രസിഡന്റ് നുര്‍സുല്‍ത്താന്‍ നസര്‍ബയേവ് അഭിപ്രായപ്പെട്ടു. അസ്താനയില്‍ നടന്ന എസ്‌സിഒ ഉച്ചകോടിയില്‍ നസര്‍ബയേവാണ് ഇന്ത്യയുടേയും പാകിസ്താന്റെയും അംഗത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
അംഗത്വം ലഭിച്ചതോടെ തങ്ങളുടെ മേഖലയില്‍ ഭീകരവാദം, സുരക്ഷ, പ്രതിരോധ വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ സാധിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 2001 ല്‍ ഷാങ്ഹായില്‍ റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്, കസാഖിസ്താന്‍, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് എസ്‌സിഒ രൂപീകരിച്ചത്. നാറ്റോയ്ക്ക് ഒരു ഏഷ്യന്‍ ബദല്‍ എന്നതായിരുന്നു ചൈനയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സംഘടനയുടെ പ്രാഥമിക ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല