1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2011

ഉദയന്‍ തന്നെയാണ് സിനിമയിലെ താരമെന്ന് അടിവരയിട്ടു തെളിയിച്ച സാള്‍ട്ട് ആന്‍ഡ് പെപ്പറിനു ശേഷം ആഷിക്ക്അബു സംവിധാനം ചെയ്യുന്ന ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തില്‍ മലയാളത്തിന്റെ മഞ്ഞില്‍ വിരിഞ്ഞ നായകന്‍ ശങ്കറും വില്ലന്‍ വേഷങ്ങളില്‍ നിന്ന് കോമഡിയിലേക്ക് കളം മാറിയിരിക്കുന്ന ബാബുരാജും പഴയ ആക്ഷന്‍ ഹീറോ ബാബു ആന്റണിയും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന്റെ ഇതേ പേരിലുള്ള കഥയ്ക്ക് തിരക്കഥ, സംഭാഷണമൊരുക്കുന്നത് സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ ശ്രദ്ധേയരായ ശ്യാം പുഷ്‌കരനും ദിലീഷ് നായരുമാണ്.

ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച വിജയന്‍ നമ്പ്യാര്‍ എന്ന എ.ടി.എസ് ഓഫീസര്‍ തന്റെ പഴയകാല സുഹൃത്തുക്കളെ കണ്ടെത്താന്‍ ഒരു പത്രപ്പരസ്യം നല്‍കാന്‍ തീരുമാനിക്കുന്നതും അതിന്റെ അനന്തര ഫലമായി സ്‌കൂളില്‍ അയാളുടെയൊപ്പം പഠിച്ച ബഹനാന്‍ എന്ന കള്ളന്‍ വന്ന് നമ്പ്യാരുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന താളപ്പിഴകളുമാണ് ഇടുക്കി ഗോള്‍ഡിന്റെ പ്രമേയം. വിജയന്‍ നമ്പ്യാരുടെ ഇതുവരെയുള്ള ജീവിതത്തില്‍ ചെറുപ്പത്തില്‍ ബഹനാന്‍ നല്‍കിയ ശീലമായ കഞ്ചാവും സന്തത സഹചാരിയായിരുന്നു. കഞ്ചാവിന് ഇടുക്കിയില്‍ ഉപയോഗിക്കുന്ന കോഡാണ് ഇടുക്കി ഗോള്‍ഡ് എന്നത്.

പ്രസിദ്ധീകരിച്ച നാള്‍ മുതല്‍ ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റിയ കഥയായിരുന്നു ഇത്. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരുടെ ഡേറ്റുകള്‍ കയ്യിലുള്ള ആഷിക്ക് അബു ഇന്ന് സിനിമയുടെ മുഖ്യധാരയിലില്ലാത്ത മൂന്നു താരങ്ങളെ വെച്ച് സിനിമയെടുക്കുന്നത് ഏച്ചിക്കാനത്തിന്റെ കഥയുടെ കരുത്തിലുള്ള വിശ്വാസം കൊണ്ടു തന്നെയാണ്. സിനിമയ്ക്കാവശ്യമായ മാറ്റങ്ങള്‍ വരുത്തി പിഴവില്ലാത്ത തിരക്കഥയൊരുക്കാന്‍ സംവിധായകനും തിരക്കഥാകൃത്തുക്കള്‍ക്കും കഴിഞ്ഞിട്ടുണ്ടെന്നാണ് അണിയറവാര്‍ത്തകള്‍.

എത്സമ്മ എന്ന ആണ്‍കുട്ടി, മേക്കപ്മാന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ക്കു ശേഷം രജപുത്രാ ഫിലിംസിനു വേണ്ടി രഞ്ജിത്ത് നിര്‍മ്മിക്കുന്ന ഇടുക്കി ഗോള്‍ഡിന്റെ ഛായാഗ്രഹണം സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ ക്യാമറാമാന്‍ ഷൈജു ഖാലിദാണ്. ബിജിപാല്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരേയും താരങ്ങളേയും തീരുമാനിച്ചു വരുന്നു. ഡിംബറില്‍ ചിത്രീകരണമാരംഭിക്കും.

‘സൈക്കിള്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തിരിച്ചുവന്ന ശങ്കര്‍ ‘ഇവിടം സ്വര്‍ഗമാണ്’, ‘ചൈന ടൗണ്‍’ എന്നീ ചിത്രങ്ങളിലൂടെ സാന്നിധ്യമറിയിച്ചിരുന്നു. എന്നാല്‍ നല്ലൊരു തിരിച്ചുവരവ് ശങ്കറിന് ലഭിച്ചു എന്നു പറയാന്‍ കഴിയില്ല. ‘ഇടുക്കി ഗോള്‍ഡ് ‘ഇതിനു വഴിയൊരുക്കുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.

‘ഇടുക്കി ഗോള്‍ഡി’ല്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ശങ്കര്‍ അവതരിപ്പിക്കുന്നത്. ഇതിനു പുറമേ റോഷന്‍ ആന്‍ഡ്രൂസിന്റെ ബിഗ് ബജറ്റ് ചിത്രം ‘കാസനോവ’യിലും ശങ്കറുണ്ട്. നിരവധി വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള സിനിമയില്‍ ഇടംനേടി ബാബു ആന്റണി പതിവില്‍ നിന്ന് മാറിയാവും ഇടുക്കി ഗോള്‍ഡിലുണ്ടാവുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.