കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറിനെ യുവാവ് ചെകിടത്തടിച്ചു. ഡല്‍ഹിയിലെ എന്‍ഡിഎംസിയില്‍ പരിപാടിയില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണു സംഭവം. മാധ്യമ പ്രവര്‍ത്തകരോടു സംസാരിച്ച ശേഷം കാറിലേക്കു കയറാന്‍ തുടങ്ങുമ്പോള്‍ സിഖ് യുവാവ് ആക്രമിക്കുകയായിരുന്നു. ഹര്‍വീന്ദര്‍ സിങ് എന്നാണു തന്‍റെ പേരെന്നു യുവാവ് പറഞ്ഞു. കേന്ദ്രമന്ത്രിയായിരുന്ന സുഖ് റാമിനെ നേരത്തേ കോടതി പരിസരത്തു കൈയേറ്റം ചെയ്തതു താനാണെന്നും യുവാവ് വ്യക്തമാക്കി.
എല്ലാവരും കള്ളന്മാരാണെന്നും വിലക്കയറ്റം കൊണ്ടു ജീവിക്കാന്‍ കഴിയുന്നില്ലെന്നും വിളിച്ചുപറഞ്ഞാണു പവാറിനെ അടിച്ചത്. ഇയാളുടെ പക്കല്‍ കത്തിയുണ്ടായിരുന്നെന്നും റിപ്പോര്‍ട്ട്. സംഭവം നടന്നയുടന്‍ സുരക്ഷ ഉദ്യോഗസ്ഥരെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.തനിക്കെതിരായ അക്രമത്തില്‍ ദുഃഖമുണ്ടെന്നും മുഖത്തടിച്ചത് എന്തിനെന്നു വ്യക്തമല്ലെന്നും ശരദ് പവാര്‍ പ്രതികരിച്ചു. കേന്ദ്രമന്ത്രിയുടെ സമീപം കത്തിയുമായെത്തി കൈയേറ്റം നടത്തിയ സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെന്നു നിഗമനം.
അതേസമയം പവാറിന്‍റെ ചെകിടത്തടിച്ച ഹര്‍വീന്ദര്‍ സിങ്ങിനു പാരിതോഷികം പ്രഖ്യാപിച്ചു. ഭഗത് സിങ് ക്രാന്തി സേനയാണു 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. ഹര്‍വീന്ദര്‍ സിങ്ങിന്‍െറ നടപടി ധീരമെന്നു ക്രാന്തി സേന പ്രവര്‍ത്തകന്‍ തെജീന്ദര്‍ സിങ് ബഗ്ഗ പറഞ്ഞു. അണ്ണ ഹസാരെ സംഘാംഗം പ്രശാന്ത് ഭൂഷനെ ആക്രമിച്ച സംഭവത്തില്‍പ്പെട്ടയാളാണു തെജീന്ദര്‍ ബഗ്ഗ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല