ഇത്തവണത്തെ വനിതാ സിംഗിള്‍സ് ഫ്രഞ്ച് ഓപണ്‍ കിരീടം റഷ്യന്‍ താരം മരിയ ഷറപ്പോവയ്‌ക്ക്. ഇതോടെ കരിയര്‍ ഗ്രാന്റ് സ്ലാം നേടുന്ന പത്താം വനിതയായി ഷറപ്പോവ. ഇതിനു മുമ്പ് വിംബിള്‍ഡണ്‍ (2004), ആസ്‌ത്രേലിയന്‍ ഓപണ്‍ (2008), യുഎസ് ഓപണ്‍ (2006) കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നെങ്കിലും കളിമണ്‍ കോര്‍ട്ടില്‍ ജേതാവാകുന്നത് ആദ്യമായാണ് ഷറപ്പോവ.
ഇരുപത്തി ഒന്നാം സീഡായ ഇറ്റലിയുടെ സാറ എറാനിയെ 6-3, 6-2 എന്ന സ്‌കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രണ്ടാം സീഡുകാരിയായ ഷറപ്പോവ കിരീട നേട്ടം കൊയ്‌തത്. ഇതോടെ ഷറപ്പോവ രണ്ടാം നമ്പര്‍ സ്ഥാനത്തു നിന്നും ഒന്നാം സീഡായി ഉയര്‍ന്നു.
ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളില്‍ ഷറപ്പോവ പങ്കെടുക്കുന്ന ഏഴാം ഫൈനല്‍ ആയിരുന്നു ഇത്. സാറ എറാനിയുടെ ആദ്യത്തെ ഗ്രാന്റ് സ്ലാം ഫൈനലും. അതുകൊണ്ട് തന്നെ വിജയം റഷ്യന്‍ താരത്തിനൊപ്പം ആയിരിക്കും എന്നുതന്നെയായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നതും.
പ്രതീക്ഷിക്കപ്പെട്ടതു പോലെ വ്യക്തമായ ആധിപത്യത്തോടെ തന്നെയാണ് മരിയ ഷറപ്പോവ കളിയില്‍ തന്റെ വിജയം ഉറപ്പിച്ചത്.മൗറീന്‍ കൊണോലി ബ്രിങ്കര്‍, ഡോറിസ് ഹാര്‍ട്ട്, ഷെര്‍ലി ഫ്രൈ ഇര്‍വിന്‍, മാര്‍ഗരറ്റ് കോര്‍ട്ട്, ബില്ലി ജീന്‍ കിംഗ്, ക്രിസ് എവര്‍ട്ട്, മാര്‍ട്ടീന നവരത്തിലോവ, സ്‌റ്റെഫി ഗ്രാഫ്, സെറീന വില്യംസ് എന്നിവരാണ് ഷറപ്പോവയ്‌ക്ക് മുമ്പേ കരിയര്‍ ഗ്രാന്റ് സ്ലാം നേടിയ വനിതാ താരങ്ങള്‍.
സിംഗിള്‍സില്‍ കിരീടം നേടാനായില്ലെങ്കിലും ഡബിള്‍സില്‍ ഇത്തവണത്തെ ഫ്രഞ്ച് ഓപണ്‍ കിരീടം എറാനിക്ക് അവകാശപ്പെട്ടതാണ്. റഷ്യയുടെ മരിയ കിര്‍ലിങ്കോ – നാദിയ പെട്രോവ സഖ്യത്തെ പരാജയപ്പെടുത്തിയാണ് എറാനി – റാബര്‍ട്ട വിന്‍സി സഖ്യം ഡബിള്‍സ് കിരീടം സ്വന്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല