സ്വന്തം ലേഖകൻ: കോവിഡിനെ തുടർന്ന് നിർത്തിവെച്ച ദുബായ്- ഷാർജ ഫെറി സർവീസ് ഇന്ന് പുനരാരംഭിച്ചു. 15 ദിർഹം നിരക്കിൽ ദുബായിക്കും ഷാർജക്കുമിടയിൽ ഫെറിയിൽ യാത്ര ചെയ്യാം. ദുബായിലെ അൽ ഗുബൈബ സ്റ്റേഷനും ഷാർജയിലെ അക്വേറിയം സ്റ്റേഷനുമിടക്കാണ് ഫെറി സർവീസ് പുനരാരംഭിച്ചത്.
35 മിനിറ്റുകൊണ്ട് ദുബായിൽ നിന്ന് ഷാർജയിലെത്താം. തിങ്കൾ മുതൽ വ്യാഴം വരെ പ്രവൃത്തി ദിവസങ്ങളിൽ എട്ട് സർവീസുണ്ടാകും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആറ് സർവീസുമാണുള്ളത്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഷാർജയിൽ നിന്ന് ദുബായിലേക്ക് ഏഴ് മണിക്കും എട്ടരക്കും ഫെറി പുറപ്പെടും.
ദുബായിൽ നിന്ന് രാവിലെ ഷാർജയിലേക്ക് ഒറ്റ സർവീസാണുള്ളത്. ഈ ഫെറി ഏഴേ മുക്കാലിന് യാത്രതിരിക്കും. വൈകുന്നേരം ദുബായിൽ നിന്ന് നാല് മണിക്കും. അഞ്ചരക്കും, ഏഴ് മണിക്കും മൂന്ന് ഫെറികൾ ഷാർജയിലേക്ക് പുറപ്പെടും. ഷാർജയിൽ നിന്ന് വൈകുന്നേരം ദുബായിലേക്ക് രണ്ട് ഫെറിസർവീസുണ്ട്. ഒന്ന് നാലേ മുക്കാലിനും ആറേകാലിനും പുറപ്പെടും.
വെള്ളി, ശനി ഞായർ, ദിവസങ്ങളിൽ ഷാർജയിൽ നിന്ന് ദുബായിലേക്ക് ഉച്ചക്ക് രണ്ടിനും വൈകുന്നേരം നാലിനും ആറ് മണിക്കും ഫെറി സർവീസ് നടത്തും. ദുബായിൽ നിന്ന് ഷാർജയിലേക്ക് വൈകീട്ട് മൂന്നിനും അഞ്ചിനും രാത്രി എട്ടിനും ഫെറി പുറപ്പെടും. സിൽവർ ക്ലാസിൽ 15 ദിർഹമാണ് ടിക്കറ്റ് നിർക്ക്, ഗോൾഡ് ക്ലാസിൽ 25 ദിർഹമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല