സ്വന്തം ലേഖകൻ: തൊഴിലന്വേഷകരായ 18 നും 60 നും ഇടയില്‍ പ്രായമുള്ള എല്ലാ യുഎഇ സ്വദേശികള്‍ക്കും ഷാര്‍ജ എമിറേറ്റില്‍ ജോലിയില്‍ പ്രവേശിക്കാമെന്ന് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. 2018ല്‍ താന്‍ പുറപ്പെടുവിച്ച നിയമം ഷാര്‍ജ ഹ്യൂമന്‍ റിസോഴ്‌സ് ഡയറക്ടറേറ്റ് തെറ്റായി പ്രയോഗിച്ചെന്നും ഇതു കാരണം 30 വയസ്സിന് മുകളില്‍ പ്രായമുള്ള ആരെയും നിയമിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായി ദേശീയ വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും സ്വദേശിവല്‍ക്കരണ ക്വാട്ട ഉറപ്പാക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് ഷാര്‍ജ ഭരണാധികാരിയുടെ വിശദീകരണം. 2018ല്‍ പുറപ്പെടുവിച്ച നിയമപ്രകാരം 18നും 60 നും ഇടയില്‍ പ്രായമുള്ള യോഗ്യരായ ഓരോ വ്യക്തിക്കും ഇഷ്ടാനുസരണം ജോലിയില്‍ പ്രവേശിക്കാമെന്ന് ഷെഖ് ഡോ. സുല്‍ത്താന്‍ പറഞ്ഞു. ജോലിയുടെ പ്രത്യേക കാലയളവൊന്നും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പ്രയോഗത്തില്‍ ഈ നിയമം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഉദ്ദേശിച്ച രീതിയില്‍ പ്രയോഗിക്കപ്പെട്ടിട്ടില്ല. 30 വയസ്സിന് മുകളിലുള്ളവരെ നിയമിക്കുന്നത് ഹ്യൂമന്‍ റിസോഴ്‌സ് ഡയറക്ടറേറ്റ് നിര്‍ത്തിയിരിക്കുകയാണ്-അദ്ദേഹം വിശദീകരിച്ചു.
ഏറ്റവും പുതിയ സെന്‍സസ് പ്രകാരം ഷാര്‍ജയില്‍ 208,000 യുഎഇ പൗരന്‍മാരുണ്ട്. 103,000 പുരുഷന്മാരും 105,000 സ്ത്രീകളും. എമിറേറ്റിലെ മൊത്തം ജനസംഖ്യയുടെ 11.5 ശതമാനമാണിത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ യുഎഇ സര്‍ക്കാര്‍ സ്വദേശിവല്‍ക്കരണ നിയമങ്ങള്‍ നടപ്പാക്കിവരികയാണ്. കഴിഞ്ഞ മാസങ്ങളില്‍ ഷാര്‍ജയില്‍ ജോലികള്‍ക്കായുള്ള ഡിമാന്‍ഡിലും വലിയ വര്‍ധനയുണ്ടായതായി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ പറഞ്ഞു. ഷാര്‍ജയില്‍ ഉയര്‍ന്ന ശമ്പളവും പ്രസവാവധിയും 60 ദിവസത്തെ വാര്‍ഷിക അവധിയും മികച്ച ജീവിത നിലവാരവും ഉറപ്പുനല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല