സ്വന്തം ലേഖകൻ: ദേശീയ റെയിൽപാതയായ ഇത്തിഹാദ് റെയിലുമായി ബന്ധിപ്പിച്ച് ഷാർജയിൽ പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ നിർമിക്കുന്നു. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് എമിറേറ്റിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സഹായിക്കുന്ന പദ്ധതി ബുധനാഴ്ച പ്രഖ്യാപിച്ചത്. ഷാർജ യൂനിവേഴ്സിറ്റി സിറ്റിക്കു സമീപം ഡോ. സുൽത്താൻ അൽ ഖാസിമി ഹൗസിലാണ് റെയിൽവേ സ്റ്റേഷൻ നിർമിക്കുന്നത്. ഇതുവഴി വിദ്യാർഥികൾ അടക്കമുള്ളവർക്ക് സ്റ്റേഷൻ വലിയ രീതിയിൽ ഉപകാരപ്പെടും.
സ്റ്റേഷൻ വരുന്നതോടെ ഇത്തിഹാദ് പാതയിൽ യാത്രക്കാരുടെ എണ്ണം ഓരോ ദിവസവും 14,000 കൂടുതൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾക്ക് ഷാർജ യൂനിവേഴ്സിറ്റിയിലേക്ക് വന്നുപോകാനും സ്റ്റേഷൻ സഹായിക്കും. എമിറേറ്റിനെ ദുബൈ എമിറേറ്റുമായും വടക്കൻ മേഖലയുമായും എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കുന്ന തന്ത്രപരമായ സ്ഥലത്താണ് സ്റ്റേഷൻ നിർമിക്കുന്നതെന്ന് ഇത്തിഹാദ് റെയിൽ കമ്പനി ബോർഡ് ഓഫ് ഡയറക്ടേർസ് ചെയർമാൻ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു.
ശൈഖ് ദിയാബും ഷാർജ ഭരണാധികാരിക്കൊപ്പം സ്റ്റേഷൻ നിർമാണ പ്രഖ്യാപന ചടങ്ങിൽ സന്നിഹിതനായിരുന്നു. ഇത്തിഹാദ് റെയിൽ പാതവഴി പാസഞ്ചർ ട്രെയിൻ ഗതാഗതം ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് സ്റ്റേഷൻ നിർമാണം അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നത്. ഇത്തിഹാദ് റെയിൽപാത നിർമാണം നിലവിൽ പൂർത്തിയായിട്ടുണ്ട്. ചരക്ക് ഗതാഗതം ആരംഭിച്ചിട്ടുമുണ്ട്.
പരീക്ഷണയോട്ടം എന്ന നിലയിൽ അബൂദബിയിൽ നിന്ന് അൽ ദന്നയിലേക്കും ദുബൈയിലേക്ക് പാസഞ്ചർ ട്രെയിനുകളും ഓടിച്ചിരുന്നു. എല്ലാ എമിറേറ്റുകളിലും അടിസ്ഥാന സൗകര്യങ്ങൾ തയാറാകുന്നതോടെ പൂർണതോതിൽ പാസഞ്ചർ യാത്ര തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ് ആരംഭിക്കുമെന്ന് 2021ൽ ഇത്തിഹാദ് റെയില്‍ പ്രഖ്യാപിച്ചിരുന്നു.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ അബൂദബിയില്‍നിന്ന് ദുബൈയിലേക്ക് 50 മിനിറ്റ് കൊണ്ടെത്തിച്ചേരാൻ വഴിയൊരുക്കും. 50 ബില്യൺ ദിർഹം ചെലവ് വകയിരുത്തിയാണ് ഇത്തിഹാദ് പദ്ധതി പൂർത്തിയായത്. 1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല