സ്വന്തം ലേഖകന്‍: ഷാര്‍ജ ഭരണാധികാരിക്ക് പിണറായിയുടെ ക്ഷണം, സെപ്റ്റംബറില്‍ കേരളം സന്ദര്‍ശിക്കും. ഷാര്‍ജ ഭരണാധികാരിയായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ ഷാര്‍ജ ബിദ പാലസില്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സെപ്റ്റംബറില്‍ കേരളത്തിലെത്തുമെന്ന് ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി അറിയിച്ചു. സന്ദര്‍ശന സമയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കാലിക്കറ്റ് സര്‍വകലാശാല നേരത്തെ ഷാര്‍ജ സുല്‍ത്താന് ഓണററി ഡോക്ടറേറ്റ് പ്രഖ്യാപിച്ചിരുന്നു. അത് സ്വീകരിക്കാനും കേരളത്തിന്റെ സ്‌നേഹം പ്രകടിപ്പിക്കാനായി ഒരുക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കാനുമാണ് മുഖ്യമന്ത്രി അദ്ദേഹത്തെ ക്ഷണിച്ചത്. ക്ഷണം ഷാര്‍ജ സുല്‍ത്താന്‍ സന്തോഷപൂര്‍വം സ്വീകരിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 45 മിനുട്ട് നീണ്ടുനിന്നു.
നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ.യൂസഫലി, ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.വൈ.എ.റഹിം, ജനറല്‍ സെക്രട്ടറി ബിജു സോമന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചില വന്‍ പദ്ധതികള്‍ അന്നു പ്രഖ്യാപിക്കുമെന്നാണു സൂചന. ഷാര്‍ജയിലെ ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. തുടര്‍ന്നു ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. മൂന്നു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി വെള്ളിയാഴ്ച കേരളത്തിലേക്ക് മടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല