സ്വന്തം ലേഖകന്‍: ഷാര്‍ജയിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം, കനത്ത നാശനഷ്ടം, പ്രവാസി തൊഴിലാളികളുടെ രേഖകളും ലാപ്‌ടോപ്പുകളും പണവും ചാമ്പലായി. താത്കാലിക ലേബര്‍ ക്യാമ്പായി കെട്ടിയുണ്ടാക്കിയ കാരവനുകളിലാണ് തീ പിടുത്തം ഉണ്ടായത്. തീ പിടുത്തത്തെ തുടര്‍ന്ന് നൂറോളം തൊഴിലാളികളാണ് അവശിഷ്ടങ്ങളില്‍ കുടുങ്ങിയത്. എന്നാല്‍, ഭൂരിഭാഗം തൊഴിലാളികളും ജോലിക്ക് പോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ജീവനക്കാരുടെ വിലപിടിപ്പുള്ള നിരവധി രേഖകളും ലാപ്‌ടോപ്പും പണവും തീ പിടുത്തത്തില്‍ കത്തിനശിച്ചതായി താമസക്കാര്‍ അറിയിച്ചു.
ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജിലെ തൊഴിലാളികള്‍ക്ക് ഖോര്‍ കല്‍ബയില്‍ താമസിക്കാനായി താല്‍ക്കാലികമായി നിര്‍മ്മിച്ച കാരവനുകള്‍ക്കാണ് തീപിടിച്ചത്. ടാന്‍സാനിയ, പാകിസ്ഥാന്‍, ബംദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ താമസിച്ചു വന്നിരുന്നത്. ഷാര്‍ജ പോലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൊഴിലാളികള്‍ അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ കൊണ്ടുപോകാനായി കരുതിയിരുന്ന സാധനങ്ങളടക്കം കത്തിനശിച്ചു.
15 മുറികള്‍ വീതമുള്ള ആറു ക്യാമ്പുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവ മുഴുവനായും കത്തി നശിച്ചു. ഒരോ മുറിയിലും നാലു പേര്‍ വീതമായിരുന്നു താമസിച്ചിരുന്നത്. ക്യാംപിലെ അടുക്കള ഭാഗത്ത് നിന്നാണ് ആദ്യം തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീപടര്‍ന്ന് നിരവധി ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായും ഷാര്‍ജ പോലീസും സിവില്‍ ഡിഫന്‍സും വ്യക്തമാക്കി. തൊഴിലാളികള്‍ക്കായി പുതിയ താമസസ്ഥലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല