1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2015

സ്വന്തം ലേഖകന്‍: ഷാര്‍ജയിലെ സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നഗരസഭ, പലയിടത്തും ഈടാക്കുന്നത് തോന്നിയ നിരക്ക്.
ഇത്തരം പാര്‍ക്കിങ് കേന്ദ്രങ്ങളിലെ നിരക്ക് ഏകീകരിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ. ഇത്തരം പാര്‍ക്കിങ്ങുകളുടെ നടത്തിപ്പുകാര്‍ ഇഷ്ടാനുസരണം നിരക്ക് ഈടാക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണു നഗരസഭയുടെ നീക്കം.

പാര്‍പ്പിട കെട്ടിടങ്ങള്‍ക്കും ടവറുകള്‍ക്കും കീഴിലുമുള്ള പാര്‍ക്കിങ്ങുകളുടെ നിരക്ക് 40 ശതമാനം വരെ ഉയര്‍ന്നതായാണു താമസക്കാരുടെ പരാതി. ഇഷ്ടാനുസരണം പാര്‍ക്കിങ് നിരക്കു കൂട്ടുന്നതു തടയാന്‍ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

കെട്ടിടവാടക കൂടിയതിനു പുറമേ പാര്‍ക്കിങ് നിരക്കിലുണ്ടാകുന്ന വര്‍ധന താമസക്കാര്‍ക്കു സാമ്പത്തിക പ്രയാസമുണ്ടാക്കുകയാണ്. മജാസ്, അല്‍ താവുന്‍, ഖാസിമിയ്യ, അല്‍ഖാന്‍ മേഖലയിലെ പാര്‍ക്കിങ് ചാര്‍ജ് ഇരട്ടിയാക്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ വാഹനം പാര്‍ക്കു ചെയ്യുന്നതിനുള്ള വാര്‍ഷിക നിരക്ക് 8000 ദിര്‍ഹം വരെ എത്തി. നിരക്കുകള്‍ വര്‍ഷത്തില്‍ നാലുതവണ കൂട്ടുന്ന കെട്ടിടമുടമകളുമുണ്ട്.

വിവിധ മേഖലകളില്‍ നിന്നുമെത്തിയ ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ സാമ്പത്തിക മന്ത്രാലയം, ലാന്‍ഡ് ഡിപാര്‍ട്ട്‌മെന്റ്, റിയല്‍ എസ്‌റ്റേറ്റ് എന്നിവയുമായി സഹകരിച്ച് പാര്‍ക്കിങ് നിരക്ക് ഏകീകരിക്കുമെന്നു മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാര്‍ക്കിങ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അഹ്മദ് അല്‍ ബര്‍ദാന്‍ അറിയിച്ചു. മേഖലകള്‍ മാറുന്നതോടെ പാര്‍ക്കിങ് നിരക്കില്‍ വ്യത്യാസം വരികയാണ്.

എമിറേറ്റില്‍ പാര്‍ക്കിങ് നിരക്കായി ഈടാക്കാവുന്ന പരമാവധി തുക നഗരസഭ നിശ്ചയിക്കും. ഓരോ മേഖലയിലെ കെട്ടിടവാടകയും പാര്‍ക്കിങ് നിരക്കും തമ്മില്‍ താരതമ്യം ചെയ്യും. പാര്‍ക്കിങ് ജോലിക്കാര്‍ക്കു യൂണിഫോം നിര്‍ബന്ധമാക്കും. 24 മണിക്കൂറും പാര്‍ക്കിങ് സ്ഥലം നിരീക്ഷിക്കാന്‍ പാറാവുകാരെ നിയമിക്കേണ്ടിവരും. ഉള്‍പാര്‍ക്കിങ്ങുകളുടെ വ്യാപ്തിയും വാഹനങ്ങള്‍ക്ക് അനുസരിച്ചു ക്രമീകരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.