
സ്വന്തം ലേഖകൻ: സമൂഹമാധ്യമങ്ങളിലെ വിലക്കുറവ് പരസ്യങ്ങൾക്കെതിരെ ഷാർജ പൊലീസിന്റെ മുന്നറിയിപ്പ്. കുറഞ്ഞ ചെലവിൽ ഭക്ഷ്യവസ്തുക്കൾ, ഇലക്ട്രോണിക് സാധനങ്ങൾ, വിമാന ടിക്കറ്റ്, സുഖവാസത്തിന് കുറഞ്ഞ നിരക്കിൽ ഹോട്ടൽ മുറികൾ തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു മോഹിപ്പിച്ചാണ് സമൂഹമാധ്യങ്ങളിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
കുറഞ്ഞ നിരക്കു പ്രതീക്ഷിച്ചു ബാങ്ക്, വ്യക്തി വിവരങ്ങൾ കൈമാറുമ്പോൾ നഷ്ടം വലുതായിരിക്കും. ബാങ്ക് വിവരങ്ങൾ മറ്റൊരാൾക്കു നൽകുന്നത് ജാഗ്രതോടെ ആയിരിക്കണമെന്നും ഷാർജ പൊലീസ് പറഞ്ഞു. പരസ്യങ്ങൾക്ക് ചുവടെ കാണുന്ന ലിങ്കിൽ അമർത്തിയ പലർക്കും ഓഫറുകൾ തട്ടിപ്പാണെന്നു വ്യക്തമായി. ലിങ്ക് ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് വിവരങ്ങളാണ് ആവശ്യപ്പെടുന്നതെന്നു തട്ടിപ്പിനിരയായവർ പറഞ്ഞു. അവധിക്കാല സീസൺ ആയതും വിമാന ടിക്കറ്റ് കിട്ടാനില്ലാത്തതും മുതലെടുത്ത് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്തുള്ള പരസ്യം വ്യാപകമാണ്.
വാട്സാപ്പിൽ സന്ദേശങ്ങളയച്ചാണ് ചിലർ ഇരകളെ പിടിക്കുന്നത്. നിശ്ചിത ലിങ്ക് വഴി വിമാന ടിക്കറ്റെടുത്താൽ 70 ശതമാനം വരെ ഓഫറാണ് വാഗ്ദാനം ചെയ്തിരുന്നതെന്നു തട്ടിപ്പിനിരയായ അറബ് പൗരൻ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ബാങ്ക് കാർഡ് വച്ച് ടിക്കറ്റിനു പണമടയ്ക്കാൻ ശ്രമിച്ചെങ്കിലും വ്യാജമാണെന്ന് തിരിച്ചറിഞ്ഞു പിൻമാറുകയായിരുന്നു. പ്രമുഖ വ്യാപാര സ്ഥാപനത്തിന്റെ ആകർഷക സമ്മാനം വാഗ്ദാനം ചെയ്തും തട്ടിപ്പ് സന്ദേശങ്ങൾ വ്യാപകമാണ്. ഇതിൽ വിശ്വസിച്ച് മൊബൈലിൽ എത്തിയ ഒടിപി നമ്പർ കൈമാറി വഞ്ചിക്കപ്പെട്ടവരും പരാതി നൽകിയവരിലുണ്ട്.
ഇ- സുരക്ഷ ഉറപ്പാക്കാതെ ബാങ്ക് കാർഡുകൾ കൊണ്ട് ഓൺലൈൻ ഇടപാടുകൾ നടത്തരുതെന്നു ഷാർജ പൊലീസ് അറിയിച്ചു. പുനരാലോചന ഇല്ലാതെ ഒടിപി നമ്പറുകൾ കൈമാറരുത്. ബാങ്ക് ജീവനക്കാർ ഒരിക്കലും രഹസ്യ നമ്പറുകൾ ആവശ്യപ്പെടുകയില്ല. കമ്പനിയുടെ ലെറ്റർ ഹെഡോ ലോഗോകളോ കണ്ട് മാത്രം സ്ഥാപനങ്ങളുടെ ഔദ്യോഗികത ഉറപ്പാക്കരുത്. ഇടപാടുകളിൽ സംശയം തോന്നിയാൽ 8002626 നമ്പറിൽ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല