സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ വിഷവാതകം ശ്വസിച്ച് മൂന്ന് ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു, അപകടം ടാങ്ക് വൃത്തിയാക്കുന്നതിനിടെ. വ്യവസായ മേഖലയായ സജയിലാണ് മൂന്നു തൊഴിലാളികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പഞ്ചാബ് സ്വദേശികളായ കിഷന്‍ സിങ്, മോഹന്‍സിങ്, ഉജേന്ദ്ര സിങ് എന്നിവരാണ് മരിച്ചത്. അല്‍ അമീര്‍ യൂസ്ഡ് ഓയില്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരാണ് മരണപ്പെട്ടവര്‍.
ഞായറാഴ്ച രാവിലെ ഡീസല്‍ ടാങ്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസ്, പാരാമെഡിക്കല്‍ വിഭാഗങ്ങള്‍ചേര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുയയായിരുന്നു. പിന്നീട് ഷാര്‍ജ പോലീസിനുകീഴിലുള്ള ഫൊറന്‍സിക് ലാബിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടാങ്ക് വൃത്തിയാക്കുന്നതിന് ഇടയിലായിരിക്കാം തൊഴിലാളികള്‍ മരണപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
20, 23, 47 വയസ് പ്രായമുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് ഇവര്‍ ടാങ്ക് വൃത്തിയാക്കാന്‍ തുടങ്ങിയത്. എണ്ണ ടാങ്ക് വൃത്തിയാക്കുമ്പോള്‍ ഉയര്‍ന്ന വിഷവാതകമാണ് ഇവരുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക പരിശോധന ഫലം. മൂന്ന് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട വിവരം ശനിയാഴ്ച രാത്രിയാണ് പൊലീസിന് ലഭിക്കുന്നത്.
മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് ഇവര്‍ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് പരിശോധന ഫലവും സൂചിപ്പിക്കുന്നു. അപകടത്തിനു പിന്നില്‍ മറ്റു കാരണങ്ങള്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല