രാഷ്ട്രീയത്തില്‍ വമ്പന്‍ സ്രാവുകള്‍ നീന്തിത്തുടിക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. ഗിലാനി, സര്‍ദാരി, ഇമ്രാന്‍ ഖാന്‍. ഇവര്‍ സ്രാവുകളാണെങ്കില്‍ ഞാന്‍ തിമിംഗലമാണെന്നാണ് സൈനിക മേധാവി കയാനിയുടെ ഭാവം. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് തിമിംഗലസ്രാവ് കരയ്ക്കടിഞ്ഞു. തുറമുഖ നഗരമായ കറാച്ചിക്കടുത്തു നിന്ന് മുക്കുവര്‍ കണ്ടെത്തിയത് ഏഴായിരം കിലോ തൂക്കമുള്ള വെയ്ല്‍ഷാര്‍ക്കിനെ.
നാല്‍പ്പത്തൊന്ന് അടി നീളമുണ്ട് ഈ തിമിംഗല സ്രാവിന്. മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയതാണെന്നും അതല്ല അബോധാവസ്ഥയില്‍ കടലില്‍ നിന്നു കിട്ടിയതാണെന്നും രണ്ടു വാദമുണ്ട്. എന്തായാലും കക്ഷിക്കിപ്പോള്‍ ജീവനില്ല. വന്യജീവി സംരക്ഷണ വകുപ്പ് ഇടപെടുമോ എന്നു ഭയന്നാണ്, ഇതിനെ ഞങ്ങള്‍ പിടിച്ചതല്ല എന്നു മുക്കുവര്‍ പറയുന്നത് എന്നാണ് സൂചന.
എന്തായാലും കറാച്ചി ഫിഷ് ഹാര്‍ബറിലേക്ക് പാക്കിസ്ഥാന്‍റെ പല ഭാഗത്തു നിന്നും ആളുകള്‍ ഒഴുകിയെത്തുകയാണ് വെയ്ല്‍ ഷാര്‍ക്കിനെ കാണാന്‍. ആളു സ്ത്രീജന്മമാണ്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഇനമാണിത്. ഇതിനെ പിടിക്കുന്നത് നിരോധിച്ചിട്ടുമുണ്ട്. പുറം കടലില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ബോട്ടില്‍ കെട്ടിവലിച്ചു തുറമുഖത്തേക്കു കൊണ്ടു വന്നു. എന്നാണ് മുക്കുവര്‍ പറയുന്നത്.
തുറമുഖത്തേക്ക് സ്രാവിനെ ഉയര്‍ത്തിയെടുക്കാന്‍ രണ്ടു ക്രെയ്നുകളാണ് ആദ്യം കൊണ്ടു വന്നത്. എന്നാല്‍ അവ പരാജയപ്പെട്ടു. മൂന്നു ക്രെയ്നുകള്‍ ഒന്നിച്ചെടുത്തുയര്‍ത്തിയാണ് കരയ്ക്ക് കിടത്തിയത്. അപ്പോഴേക്ക് തുറമുഖത്ത് വന്‍ ആള്‍ക്കൂട്ടം രൂപപ്പെട്ടിരുന്നു. അധികം വൈകാതെ ലേലം വിളി തുടങ്ങി. വെയ്ല്‍ഷാര്‍ക്കിനെ പിടിക്കാമോ? വില്‍ക്കാമോ തുടങ്ങിയ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. സിന്ധിലെ വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്ന് ആളെത്തും മുമ്പ് ഹാജി ക്വാസിം എന്നയാള്‍ രണ്ടു ലക്ഷം രൂപയ്ക്ക് വമ്പത്തി സ്രാവിനെ വാങ്ങി. എന്തു ചെയ്യണം എന്നു തീരുമാനിച്ചിട്ടില്ല. നാട്ടുകാര്‍ക്കു കാണാന്‍ രണ്ടു ദിവസം കൂടി തുറമുഖത്തു സൂക്ഷിക്കും എന്നാണ് ക്വാസിം പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല