1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2022

സ്വന്തം ലേഖകൻ: ജ്യൂസ് ചലഞ്ച് നടത്തിയതും ഷാരോണിനെ കൊല്ലാന്‍ വേണ്ടിയായിരുന്നുവെന്ന് ഗ്രീഷ്മയുടെ മൊഴി. ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് ഗ്രീഷ്മ ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് വിവരം. എന്നാല്‍ ഏതുതരത്തിലുള്ള വിഷമാണ് ജ്യൂസില്‍ കലര്‍ത്തിയതെന്നോ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളോ പുറത്തുവന്നിട്ടില്ല.

ഗ്രീഷ്മ പലവട്ടം ഷാരോണിന് ജ്യൂസ് നല്‍കിയിരുന്നതായി ഷാരോണിന്റെ കുടുംബം നേരത്തേ ആരോപണമുന്നയിച്ചിരുന്നു. ഇരുവരും പുറത്തുപോകുന്ന സമയത്തെല്ലാം ഗ്രീഷ്മ ജ്യൂസ് നല്‍കിയിരുന്നതായാണ് കുടുംബം ആരോപിച്ചിരുന്നത്. ഗ്രീഷ്മയ്‌ക്കൊപ്പം പുറത്തുപോയി ജ്യൂസ് കുടിച്ച ദിവസങ്ങളില്‍ ഷാരോണിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

അതിനിടെ, ഷാരോണ്‍ കൊലക്കേസിലെ തെളിവെടുപ്പിനായി ഗ്രീഷ്മയെ രാമവര്‍മന്‍ചിറയിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ 10.40-ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം ഗ്രീഷ്മയുമായി കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലെ വീട്ടിലെത്തിയത്. പോലീസ് വാഹനത്തില്‍ മുഴുവന്‍സമയവും മുഖംമറച്ച് തലകുനിച്ചായിരുന്നു ഗ്രീഷ്മയുടെ ഇരിപ്പ്. തുടര്‍ന്ന് ഗ്രീഷ്മയെ വീടിനകത്തേക്ക് കൊണ്ടുപോയി തെളിവെടുപ്പ് ആരംഭിച്ചു.

യുവതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് നിരവധിപേര്‍ രാമവര്‍മന്‍ചിറയിലെ വീടിന് സമീപം എത്തിയിരുന്നു. എന്നാല്‍ തമിഴ്‌നാട് പോലീസ് ഇടപെട്ട് ഇവരെയെല്ലാം സ്ഥലത്തുനിന്ന് മാറ്റി.

പോലീസ് സീല്‍ ചെയ്ത ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് കഴിഞ്ഞദിവസം അജ്ഞാതര്‍ തകര്‍ത്തിരുന്നു. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ടാണ് തകര്‍ത്തനിലയില്‍ കണ്ടെത്തിയത്. ഇത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണോയെന്നാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.