1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2022

സ്വന്തം ലേഖകൻ: പാറശാലയിൽ ഡിഗ്രി വിദ്യാർത്ഥി ഷാരോണിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പെൺ സുഹൃത്ത് ഗ്രീഷ്മയുടെ മാതാവിനേയും അമ്മാവനേയും അറസ്റ്റ് ചെയ്ത് പോലീസ്. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനാണ് ഇരുവരേയും പ്രതി ചേർച്ചത്. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധ മൊഴികൾ നൽകിയതാണ് ഇരുവരേയും കുടുക്കിയത്.

ഷാരോണിന് നൽകാനുള്ള കഷായത്തിൽ കളനാശിനി കലക്കാൻ ഗ്രീഷ്മയെ സിന്ധു സഹായിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. തുടക്കത്തിൽ കൊലപാതകത്തിന് പിന്നിൽ ഗ്രീഷ്മ മാത്രമാണ് കൊലയ്ക്ക് പിന്നിൽ എന്നായിരുന്നു പോലീസ് കരുതിയിരുന്നത്. ആരും സഹായിച്ചില്ലെന്ന് ഗ്രീഷ്മയും മൊഴി നൽകിയിരുന്നു.

അവസാനമായി ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ പോയ ദിവസം ഗ്രീഷ്മയുടെ അമ്മ സിന്ധു വീട്ടിലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആരുമില്ലാത്ത നേരത്താണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചതെന്ന് പോലീസ് കണക്ക് കൂട്ടി. എന്നാൽ സിന്ധു അധിക ദൂരം പോയിരുന്നില്ലെന്ന് മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പോലീസിന് വ്യക്തമായി.

ഷാരോണിന് നൽകിയ വിഷക്കുപ്പി കഴുകി വൃത്തിയാക്കിയ ശേഷം പറമ്പിലേക്ക് എറിഞ്ഞുവെന്നായിരുന്നു ഗ്രീഷ്മ പോലീസിന് മൊഴി നൽകിയത്. എന്നാൽ ഈ കുപ്പി അമ്മാവൻ നിർമൽ ആണ് എടുത്ത് മാറ്റിയതെന്ന് പോലീസ് കണ്ടെത്തി. അതേസമയം അന്വേഷണത്തെ വഴി തെറ്റിക്കാൻ ഗ്രീഷ്മ തുടക്കം മുതൽ തന്നെ കൃത്യതയോടെയാണ് നീങ്ങിയതെന്നും പോലീസ് പറയുന്നു.

ആദ്യ ഘട്ട ചോദ്യം ചെയ്യലിലെല്ലാം ഷാരോണിനെ ആത്മാർത്ഥമായി സ്നേഹിച്ചയാളാണ് താൻ എന്ന നിലയ്ക്കുള്ള ഉത്തരങ്ങളും വൈകാരിക പ്രകടനങ്ങളുമായിരുന്നു ഗ്രീഷ്മ നടത്തിയിരുന്നു. സംശയം തോന്നാതിരിക്കാൻ ഗൂഗിളിൽ തിരഞ്ഞെതായും പോലീസ് പറയുന്നു. സ്വയം പഠിക്കുക മാത്രമല്ല പോലീസ് ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാൻ അമ്മയേയും അമ്മാവനേയും ഗ്രീഷ്മ പഠിപ്പിച്ച് വെച്ചിട്ടുണ്ട്.

ഗ്രീഷ്മയുടെ ആസൂത്രണവും അക്കാദിമ മികവുമെല്ലാം പോലീസിനേയും ഞെട്ടിച്ചിട്ടുണ്ട്. പഠിക്കാൻ മിടുക്കിയായ കലയിൽ താത്പര്യമുള്ള ഗ്രീഷ്മയെ കുറിച്ച് നാട്ടുകാർക്കെല്ലാം നല്ലത് മാത്രമാണ് പറയാനുള്ളത്. ബി എ ഇംഗ്ലീഷിൽ റാങ്കുകാരിയായ ഗ്രീഷ്മ നൃത്തരംഗത്തും ഏറെ സജീവമായിരുന്നു. കോളേജിലും യൂനിവേഴ്സിറ്റി തല മത്സരങ്ങളിലുമെല്ലാം പങ്കെടുക്കാറുണ്ട്. നാട്ടിലെ ക്ലബ്ബുകളിൽ എല്ലാം സജീവമായി തന്നെ പരിപാടികളിൽ പങ്കെടുക്കാറുണ്ടായിരുന്നത്രേ.

ഷാരോൺ കൊലക്കേസിൽ നിർണായക തെളിവായ വിഷക്കുപ്പി ഗ്രീഷ്മയുടെ വീട്ടുവളപ്പിൽ വെച്ച് കണ്ടെത്തി. തെളിവെടുപ്പിനിടെ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ ആണ് കുപ്പി ഉപേക്ഷിച്ച സ്ഥലം കാണിച്ച് കൊടുത്തത്.കുപ്പി രാസപരിശോധനയ്ക്ക് ഉടൻ അയക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം പ്രതികളെ വീട്ടിലെത്തിച്ച സമയത്ത് പ്രദേശത്ത് വലിയ ജനക്കൂട്ടമാണ് തടിച്ച് കൂടിയത്. ഉടൻ ഒന്നാം പ്രതിയായ ഗ്രീഷ്മയേയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.

തെളിവെടുപ്പില്‍ കണ്ടെടുത്ത കുപ്പി രാസപരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളുമായി ഇനി ഗ്രീഷ്മയുടെ വീട്ടില്‍ പോകുമെന്നും വീട് തുറന്നുള്ള പരിശോധന ഇന്നുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രീഷ്മയുടെ സാന്നിധ്യത്തിലാകും വീട് തുറന്നുള്ള തെളിവെടുപ്പ് നടത്തുക.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ഷാരോണ്‍ കൊലക്കേസില്‍ പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് ചൊവ്വാഴ്ച തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതികളുമായി രാവിലെ തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച പോലീസ് സംഘം ആദ്യം പാറശ്ശാല പോലീസ് സ്‌റ്റേഷനിലേക്കാണ് പോയത്. പിന്നീട് ഇവിടെനിന്ന് തമിഴ്‌നാട്ടിലെ പളുകല്‍ പോലീസ് സ്‌റ്റേഷനില്‍ പ്രതികളെ എത്തിച്ചു.

കുറ്റകൃത്യം നടന്ന ഗ്രീഷ്മയുടെ വീട് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെട്ട രാമവര്‍മന്‍ചിറയിലാണ്. അതിനാലാണ് പോലീസ് സംഘം പ്രതികളുമായി തമിഴ്‌നാട്ടിലെ പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇവിടെ കേസിന്റെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തശേഷം കേരള പോലീസ് സംഘം പ്രതികളുമായി ഗ്രീഷ്മയുടെ വീട് സ്ഥിതിചെയ്യുന്ന രാമവര്‍മന്‍ചിറയിലേക്ക് പോവുകയായിരുന്നു.

പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് നിരവധിപേരാണ് ഗ്രീഷ്മയുടെ വീടിന്റെ പരിസരത്ത് തടിച്ചുകൂടിയിരുന്നത്. ജനങ്ങളെ നിയന്ത്രിക്കാന്‍ കേരള പോലീസും തമിഴ്‌നാട് പോലീസും സ്ഥലത്ത് എത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.