സ്വന്തം ലേഖകന്‍: ബലാത്സംഗ വീരനെ പാഠം പഠിപ്പിച്ച ഷെഫീല്‍ഡിലെ 21 കാരിക്ക് ധീരതക്കുള്ള പുരസ്‌കാരം. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ജോനാഥന്‍ ഹോംസ് എന്ന കുറ്റവാളിയെ വീടിന്റെ താക്കോല്‍ കൊണ്ട് കൈകാര്യം ചെയ്ത 21 കാരിയുടെ ധൈര്യത്തെ പ്രശംസിക്കുന്ന തിരക്കിലാണ് യുകെയിലെ മാധ്യമങ്ങള്‍. ഹോംസ് ആക്രമിച്ചപ്പോള്‍ തിരിച്ച് ആക്രമിക്കുകയും പരാതി കൊടുക്കുകയും അന്വേഷണത്തില്‍ സഹായിച്ച് ഹോംസിനെ അഴികള്‍ക്കുള്ളിലാക്കാന്‍ സഹായിക്കുകയും ചെയ്തതാണ് പെണ്‍കുട്ടിക്ക് ധീരതാ പുരസ്‌കാരം നേടിക്കൊടുത്തത്.
കഴിഞ്ഞ നവംബറില്‍ ഷെഫീല്‍ഡില്‍ വെച്ച് ജോലി കഴിഞ്ഞു മടങ്ങവെ യുവതിയെ കുറ്റിക്കാട്ടിലേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഹോംസ്. എന്നാല്‍ യുവതി താക്കോല്‍ ഉപയോഗിച്ച് ഹോംസിന്റെ മുഖത്ത് കുത്തുകയും അണ്ണാക്കില്‍ കുത്തുകയും ചെയ്തു. ഇനി ഒരു സ്ത്രീയോടും നീ ഇങ്ങിനെ പെരുമാറരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു യുവതിയുടെ തിരിച്ചടി.
രാത്രിയില്‍ മദ്യ ലഹരിയില്‍ ഹോംസ് യുവതിയെ കാത്ത് ഒരു ഭിത്തിക്ക് പിറകില്‍ ഒളിച്ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എന്നാല്‍ ജോലി കഴിഞ്ഞ് മടങ്ങുന്ന യുവതി തന്നെ ഒരാള്‍ പിന്തുടരുന്നതും റോഡുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ക്രോസ് ചെയ്യുന്നതും ശ്രദ്ധിച്ചിരുന്നു. ഇതിനിടയില്‍ പങ്കാളിയെ വിളിച്ച് വിവരം പറഞ്ഞ യുവതി കയ്യില്‍ സുരക്ഷയ്ക്കായി കരുതിയിരുന്ന താക്കോല്‍ എടുത്ത് പിടിക്കുകയും ചെയ്തു.
പിന്നീട് യുവാവ് അക്രമിച്ചപ്പോള്‍ യുവതി ശക്തമായി തിരിച്ചടിക്കുകയും സഹായത്തിനായി അലറി വിളിക്കുകയും ചെയ്യുകയായിരുന്നു. യുവതിയുടെ ആക്രമണത്തില്‍ അക്രമി തളര്‍ന്ന് പോയതിനിടെ രണ്ടു പേര്‍ യുവതിയുടെ സഹായത്തിനായി എത്തുകയും ചെയ്തു. സംഭവത്തില്‍ നാലര വര്‍ഷം തടവാണ് കോടതി ഹോംസിന് വിധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല