സ്വന്തം ലേഖകൻ: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ ഷെയ്ഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. രാജ്യത്തിന്റെ വിവിധ ഔദ്യോഗിക ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. സഹോദരന്റെ മരണത്തിൽ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി.
ആരോഗ്യ പ്രശ്നങ്ങളാൽ ചികിത്സയിലായിരുന്ന ശൈഖ് സഈദിൻ്റെ അന്ത്യം ഇന്ന് പുലർച്ചെയായിരുന്നു. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പതാകകള്‍ പകുതി താഴ്ത്തി കെട്ടും. നിര്യാണത്തിൽ വിവിധ ജിസിസി രാഷ്ട്ര നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
ഇക്കഴിഞ്ഞ ഇരുപത്തി രണ്ടാം തീയതി യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലൂടെയാണ് ഷെയ്ഖ് സാഈദ് ബിന്‍ സായിദ് അല്‍ നഹ്യാന് അസുഖ ബാധിതനായി ചികില്സിലാണന്ന വിവരം ഔദ്യാഗികമായി സ്ഥിരീകരിച്ചത്. എത്രയും വേഗം അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജീവന് രക്ഷിക്കാനുളള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.
2010ലാണ് അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി ഷെയ്ഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന് നിയമിതനായത്. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അബുദബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടര്‍ സെക്രട്ടറി, മാരിടൈം പോര്‍ട്ട് അതോറിറ്റി ചെയര്മാന് , യുഎഇ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് ഷെയ്ഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന് കാഴ്ച വച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല